ചെങ്ങമനാട്: സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫി ബോർഡ് വിവിധ പദ്ധതികൾക്കായി സബ്സിഡി പ്രഖ്യാപിച്ചു. വിവിധ പദ്ധതികൾക്കുള്ള അപേക്ഷകൾ സെപ്റ്റംബർ 30 വരെ ഓൺ ലൈനായി സമർപ്പിക്കാമെന്ന് കോഫീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.കറുത്ത മണി കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കിണർ/കുളം നിർമ്മാണം, ജലസേചന സാമഗ്രികൾ (സ്പ്രിങ്ക്ളർ/ഡ്രിപ്പ്) വാങ്ങുന്നതിന്, പുനർകൃഷി (Replantation), കാപ്പി ഗോഡൗൺ നിർമ്മാണം, കാപ്പിക്കളം നിർമ്മാണം, യന്ത്രവത്കൃത ഡ്രയറുകൾ സ്ഥാപിക്കൽ, പൾപ്പിംഗ് യുണിറ്റ് സ്ഥാപിക്കൽ എന്നിവയ്ക്കായാണ് ധനസഹായം അനുവദിക്കുന്നത്. കാപ്പി തോട്ടങ്ങളുടെ യന്ത്രവൽക്കരണത്തിനും ഇക്കോപൾപ്പർ സ്ഥാപിക്കുന്നതിനും കാപ്പികർഷകർക്ക് പാരിസ്ഥിതിക സാക്ഷ്യപത്രം (എക്കോസർട്ടിഫിക്കറ്റ്) ലഭിക്കുന്നതിനുള്ള ധനസഹായ പദ്ധതിയും നിലവിൽ വന്നിട്ടുണ്ട്. പരമാവധി 40 ശതമാനമാണ് പൊതുവിഭാഗത്തിന് ലഭ്യമാകുന്ന സബ്സിഡി. പട്ടികജാതി പട്ടിക വർഗ്ഗത്തിൽ പെട്ടവർക്ക് 75-90% ശതമാനം നിരക്കിൽ സബ്സിഡി ലഭിക്കും. ധന സഹായത്തിനു അപേക്ഷിക്കുന്ന പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് കുറഞ്ഞത് ഒരു ഏക്കർ കാപ്പിതോട്ടവും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് കുറഞ്ഞത് അര ഏക്കർ കാപ്പിതോട്ടവും ഉണ്ടായിരിക്കേണ്ടതാണ്. വ്യക്തികൾക്ക് പുറമേ ചുരുങ്ങിയത് 100 കാപ്പി കർഷകരെങ്കിലും അംഗങ്ങളയുള്ള എഫ്.പി.ഒ. (ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ) കൾക്കും ധന സഹായം ലഭിക്കുന്നതാണ്. കമ്പനി നിയമപ്രകാരമോ സഹകരണ നിയമപ്രകാരമോ രജിസ്റ്റർ ചെയ്ത കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവർത്തനത്തിലുള്ള എഫ്.പി.ഒ.കൾക്കു മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.
ധനസഹായത്തിന് അപേക്ഷിക്കുന്നവർ പ്രവൃത്തി തുടങ്ങുന്നതിനുമുമ്പ് കോഫി ബോർഡിൻറെ ലൈസൺ ഓഫീസുകളിൽ നിന്നും മുൻകൂർ അനുമതി വാങ്ങണം. അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവർ 30-09-2024 നകം ‘ഇന്ത്യ കോഫീ ആപ്പ്’ (മൊബൈൽ ആപ്പ്) / കോഫീ ബോർഡ് വെബ്സൈറ്റ് വഴി ഓൺലൈൻ ആയി സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ. കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്ത കോഫീ ബോർഡ് ഓഫീസുമായി ബന്ധപ്പെടണമെന്ന് കോഫീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.കറുത്ത മണി അറിയിച്ചു.
വിശദവിവരങ്ങൾക്ക് അടുത്തുള്ള കോഫി ബോർഡ് ഓഫീസുമായി ബന്ധപ്പെടുക.
മാനന്തവാടി-9497761694, പനമരം- 8332931669; സുൽത്താൻ ബത്തേരി- 9495856315/ 9847961694, മീനങ്ങാടി- 9539620519, പുൽപള്ളി-9745217394; കൽപ്പറ്റ, 9496202300