കുരുമുളക് കൃഷി വളരെയധികം ലാഭകരമായി മാറുകയാണ്. ദിനം പ്രതി വില കൂടി, കുറഞ്ഞു നിന്നാലും എന്നും കർഷകന് നഷ്ടമില്ലാത്ത വില ലഭിക്കും. കുരുമുളക് അൺഗാർബിൾഡിന് കഴിഞ്ഞ ദിവസങ്ങളിൽ വില ഉയർന്ന് 51900 രൂപയായി. കുരുമുളക് ഗാർബിൾഡിന് 53900 രൂപയായിട്ടുണ്ട്. നേരിയതോതിൽ തണൽ ഇഷ്ടപ്പെടുന്ന ഒരു സുഗന്ധവിള. വിവിധ രോഗങ്ങളും പടർത്തി വിടാൻ പറ്റിയ മരങ്ങളും കുറഞ്ഞ് വരുന്നത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ചില മരങ്ങൾ വെച്ച് പിടിപ്പിച്ചാൽ അവ ചെടികൾക്ക് നൽകുന്ന വളത്തിന്റെ നല്ലൊരു ശതമാനവും വലിച്ചെടുക്കുന്നു. ചില മരങ്ങളിൽ കുരുമുളക് വള്ളി പടർന്ന് കഴിയുമ്പോൾ മരങ്ങൾ ഉണങ്ങുന്നു. ഇത് കുരുമുളക് ചെടികൾ നശിക്കാൻ കാരണമാകുന്നു. കൂടാതെ സൂരൃപ്രകാശവും വായുസഞ്ചാരവും ലഭൃമാക്കാൻ മരങ്ങളുടെ ശിഖരങ്ങൾ ഓരോ വർഷവും മുറിക്കേണ്ടിവരുന്നതും സാമ്പത്തിക നഷ്ടം വർദ്ധിപ്പിക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കോതമംഗലം തട്ടേക്കാട് കുരിശുംമൂട്ടിൽ അഡ്വക്കേറ്റ് ജോബി സെബാസ്റ്റ്യൻ മൂന്ന് വർഷം നടത്തിയ പരിശ്രമങ്ങളുടെ ഫലമായി കണ്ടെത്തിയതാണ് ഫെർക്കൊലേറ്റർ ഫെർട്ടിഗേഷൻ പോസ്റ്റ്.
പതിനഞ്ച് വർഷം മുൻപ് കണ്ടത്തിയ പോസ്റ്റ് കോൺക്രീറ്റിൽ നിർമ്മിച്ച ഒരടി മുതൽ രണ്ട് അടിവരെ ഉയരമുള്ള വളയങ്ങളാണ്. ഇത് ഒന്നിന് മുകളിൽ അടുത്ത് പിടിച്ച് ആവശൃമായ ഉയരം ഉണ്ടാക്കുന്നു. ഈ റിങ്ങുകൾ പ്രത്യേക അനുപാതത്തിൽ തയ്യാറാക്കിയ സിമന്റ് മിശ്രിതം ഉപയോഗിച്ചാണ് ഉറപ്പിക്കുന്നത്.
രാജൃത്ത് ആദൃമായിട്ടാണ് ഫെർക്കൊലേറ്റർ ഫെർട്ടിഗേഷൻ പോസ്റ്റ് കൃഷി രീതി കൃഷിയിടങ്ങളിൽ പ്രചരിക്കുന്നത്. ഉള്ള് പൊള്ളയായ റിങ്ങുകളിൽ മണ്ണ്, ചകരിച്ചോർ, ജൈവവളം, കംബോസ്റ്റ് എന്നിവ സംയോജിപ്പിച്ച് നിറച്ച ശേഷം ചുവട്ടിൽ മൂന്നോ നാലോ കുരുമുളക് തൈകൾ നടുന്നു. ഇത് വളർന്ന് വരുന്നതിന് അനുസരിച്ച് റിങ്ങിൽ പറ്റിപ്പിടിച്ച് വളരും. റിങ്ങ് പോസ്റ്റിന്റെ മുകളിൽ നിന്നും വെള്ളം നൽകുന്നതിലൂടെ കുരുമുളകിന് കുറ്റിച്ചെടിയുടെ സ്വഭാവം ഉണ്ടാകുന്നു. അതുമൂലം നിരവധി ശാഖകൾ ഉണ്ടായി ചെടികൾ തഴച്ചു വളരും. ഇത് കൂടുതൽ വിളവ് ഉണ്ടാക്കാൻ സഹായിക്കുമെന്ന് ജോബി അനുഭവത്തിലൂടെ പറയുന്നു.
ഇത്തരം പോസ്റ്റിൽ വളർത്തുമ്പോൾ ചുറ്റിലും നല്ല രീതിയിൽ സൂരൃപ്രകാശവും ലഭിക്കും. കൂടാതെ നാലിരട്ടി വിളവെടുപ്പ് നടത്താനും കഴിയുമെന്ന് മികച്ച കർഷകനായ ജോബി തെളിയിക്കുന്നത് സ്വന്തം കൃഷിയിടം കാണിച്ചാണ്. ഇത്തരം പോസ്റ്റ് ഉപയോഗിച്ച് ഡ്രാഗൺ ഫ്രൂട്ട്, വാനില കൃഷി വിജയകരമാക്കാനും സാധിക്കും. വെള്ളക്കെട്ടുള്ള പ്രദേശത്ത് കുരുമുളക്, ഡ്രാഗൺ ഫ്രൂട്ട്, വാനില, പച്ചക്കറികൾ കൃഷിചെയ്യാനും ഇത് ഉപകരിക്കും. ജോബി സെബാസ്റ്റ്യൻ സ്വന്തം കൃഷിയിടത്തിൽ പോസ്റ്റ് ഉൾപ്പെടെ നിരവധി കർഷക സഹായ വസ്തുക്കൾ ഉണ്ടാക്കി നൽകുന്നുണ്ട്.