വ്യാജ പാസ്പോർട്ട് നിർമ്മാണ കേസിൽ പോലീസുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം തുമ്പയിലെ പോലീസ് ഉദ്യോഗസ്ഥൻ അൻസിലിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തത്. പാസ്പോർട്ടിനായി വ്യാജ രേഖകൾ ചമച്ച് തിരുവനന്തപുരം പാസ്പോർട്ട് ഓഫീസീൽ ഹാജരാക്കിയ കേസിലെ പ്രധാന പ്രതിയാണ് അൻസിൽ.13 കേസുകളിലായി എട്ടു പ്രതികളെ നേരത്തേ തുമ്പ പൊലിസ് അറസ്റ്റുചെയ്തിരുന്നു. വ്യാജരേഖകളും വ്യാജ തിരിച്ചറിയൽ കാർഡുകളും തയ്യാറാക്കിയ തിരുവനന്തപുരം മണക്കാട് സ്വദേശി കമലേഷ്, ഇടനിലക്കാരനായ മൺവിള സ്വദേശി പ്രശാന്ത്, മുകുന്ദപുരം, കിഴക്കേത്തറ സ്വദേശി സഫറുള്ള ഖാൻ, കൊല്ലം ഉമയനല്ലൂർ സ്വദേശി ബദറുദ്ദിൻ, മണ്ണന്തല സ്വദേശി എഡ്വവേഡ്, വർക്കല സ്വദേശി സുനിൽ കുമാർ എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്.’
‘
പോലീസ് ഉദ്യോഗസ്ഥനെ ആരോപണമുയർന്ന സാഹചര്യത്തിൽ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.തുടർന്ന് അറസ്സിലാകുമെന്ന് മനസ്സിലാക്കിയ അൻസിൽ ഒളിവിൽ പോയിരിക്കുകയായിരുന്നു.ശേഷം ഇന്നാണ് അൻസിൽ കീഴടങ്ങിയത്.തുമ്പ സ്റ്റേഷൻ പരിധിയിൽ അപേക്ഷിക്കപ്പെട്ട 20 ഓളം പാസ്പോർട്ട് അപേക്ഷകൾ പരിശോധിച്ചതിൽ 13 എണ്ണത്തിലും അൻസിൽ അസീസ് ഇടപെട്ടതായി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം പാസ്പോർട്ട് ഓഫിസിൽ ഹാജരാക്കിയ രേഖകൾ തുമ്പ പൊലീസ് പരിശോധിച്ചപ്പോഴാണ് അവ തെറ്റാണെന്നു കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.