അമ്പലപ്പുഴ: ആലപ്പുഴ നെഹൃ ട്രോഫി റദ്ദാക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എം.പി മുഖ്യമന്ത്രിക്ക് കത്തുനൽകി.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആദ്യം വള്ളംകളി മാറ്റിവെയ്ക്കാന്‍ തീരുമാനിക്കുകയും , പിന്നിട് നടത്താമെന്ന ധാരണയിൽ എത്തുകയുമായിരുന്നു. എന്നാല്‍ ഈ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോവുകയും നെഹ്റു ട്രോഫി ബോട്ട് റേസ് ഇക്കൊല്ലം നടത്തേണ്ടതില്ലെന്ന തീരുമാനത്തിലേയ്ക്ക് എത്തുന്നതായും അറിയാന്‍ കഴിഞ്ഞു. ആ തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണം.
മാസങ്ങളുടെ മുന്നൊരുക്കത്തോടെ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് തുഴച്ചിലുകാരും ബോട്ട് ക്ലബ്ബുകാരും പരിശീലനമടക്കം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലായിരുന്നു വയനാട് ദുരന്തമുണ്ടായത്. 19 ചുണ്ടന് വള്ളങ്ങളാണ് ഇക്കൊല്ലം നെഹ്റു ട്രോഫി ബോട്ട് റേസില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.20 ലക്ഷം രൂപ മുതല്‍ 80 ലക്ഷം രൂപ വരെയാണ് ഓരോ വള്ളങ്ങള്‍ക്കും പരിശീലനത്തിനായി ചിലവാകുന്നത്.12 ബോട്ട് ക്ലബ്ബുകള്‍ ഇതിനോടകം 60 ലക്ഷം രൂപയ്ക്ക് മുകളില്‍ ചിലവാക്കി പരിശീലനം നടത്തി. കാര്‍ഷിക മേഖലയെ മാത്രം ആശ്രയിച്ചു ഉപജീവനം നടത്തുന്ന ആലപ്പുഴയിലേയും കുട്ടനാട്ടിലെയും വള്ളംകളിയെ ജീവനുതുല്യം സ്നേഹിക്കുന്ന സാധാരണക്കാരായ ആയിരക്കണക്കിന് ആളുകൾ തങ്ങളുടെ വരുമാനത്തില്‍ നിന്നും മിച്ചം പിടിക്കുന്നതുകയും കടം വാങ്ങിയും പിരിവെടുത്തും സമാഹരിക്കുന്ന പണവുമാണ് പരിശീലനത്തിനായും വള്ളം കളിയുടെ മറ്റ് ചെലവുകള്‍ക്ക് വേണ്ടിയുംഉപയോഗിക്കുന്നത്.
വയനാടിന്റെ ദുരിതാശ്വാസ -പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത തരത്തില്‍ നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബര്‍ അവസാനത്തോടെയെങ്കിലും സംഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ വലിയ തുക ചെലവിട്ട് വള്ളംകളിക്ക് തയ്യാറെടുത്തിരുന്ന ക്ലബ്ബുകള്‍ക്കും തുഴച്ചില്‍കാര്‍ക്കും കരക്കാര്‍ക്കും ആശ്വാസകരമാകും. ഇതിനുമുൻപും പ്രതികൂല കാലാവസ്ഥയിലും സാഹചര്യങ്ങളിലും വള്ളംകളി മാറ്റി വയ്ക്കുകയും പിന്നീട് സൗകര്യപൂർവ്വമായ സാഹചര്യത്തിൽ നടത്തുകയും ചെയ്ത ചരിത്രമുണ്ട് . അന്തര്‍ ദേശീയ ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ സാംസ്കാരിക കായിക പെരുമ അടയാളപ്പെടുത്തുന്ന അഭിമാന സ്തംഭങ്ങളില്‍ ഒന്നാണ് നെഹ്റു ട്രോഫി വള്ളംകളി. വയനാടിനെ ചേർത്തുപിടിക്കുന്നതിനൊപ്പം ആലപ്പുഴയിലെ സാധാരണക്കാരൻറെ ആവേശമായ ഓളപ്പരപ്പിലെ ഈ ഒളിംപിക്സിനെ കൈവിടാതിരിക്കുകയും വേണം. സംസ്ഥാന സർക്കാർ അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ.