ചെങ്ങമനാട്: നാടിന് സംരക്ഷകരാകാൻ പോലീസിനൊപ്പം റസിഡൻസ് അസോസിയേഷനുകളും പങ്ക് ചേരുന്നു. ഇതിൻ്റെ ഭാഗമായ് ആരംഭിച്ച സേഫ് – 2024 ആലുവയിൽ ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന ഉദ്ഘാടനം ചെയ്തു. ആദ്യമായിട്ടാണ് ആലുവ സബ്ഡിവിഷനിലെ റസിഡൻസ് അസോസിയേഷൻ പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിശാലമായ മീറ്റിംഗ്, ജില്ലാ പോലീസ് ആസ്ഥാനത്തെ കോൺഫ്രൻസ് ഹാളിൽ നടന്നത്.
അഡിഷണൽ എസ് പി എം.കൃഷണൻ, ആലുവ ഡി വൈ എസ് പി റ്റി.ആർ.രാജേഷ്, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി വി.എസ്.നവാസ്, വിവിധ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ സംസാരിച്ചു. സബ് ഡിവിഷൻ ഉൾപ്പെടുന്ന പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകളിലെ 200 ഓളം പ്രതിനിധികൾ ഉൾപ്പെടെ ആലുവ ഈസ്റ്റ്, ആലുവ വെസ്റ്റ്, ബിനാനിപുരം, എടത്തല, അങ്കമാലി, ചെങ്ങമനാട്, നെടുമ്പാശ്ശേരി എന്നീ പോലീസ് സ്റ്റേഷനുകളിലെ എസ് എച്ച് മാരും സി ആർ ഒ മാരും സേഫ് – 2024 ൽ പങ്കെടുത്തു.
റസിഡൻസ് അസോസിയേഷനുകളുടെ സഹകരണത്തോടെ അതാത് പ്രദേശത്തെ സുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ തരത്തിലുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ യോഗം തീരുമാനിച്ചു. എല്ലാ റസിഡൻസ് അസോസിയേഷൻ അംഗങ്ങളെയും ഉൾപ്പെടുത്തി പോലീസ് സ്റ്റേഷൻ തലത്തിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നതിനും, മാസത്തിൽ ഒരിക്കൽ പോലീസ് സ്റ്റേഷൻ തലത്തിലും, മൂന്നു മാസത്തിലൊരിക്കൽ സബ് ഡിവിഷൻ തലത്തിലും മീറ്റിങ്ങ് നടത്തുന്നതിനും തീരുമാനമായി.