പാരിസ്: ഇരുകൈകളുമില്ലാതെ കാലുകൊണ്ട് ഞാൺ വലിക്കുന്ന അദ്ഭുതതാരം ശീതൾ ദേവി വനിതാ കോംപൗണ്ട് ആർച്ചറി റാങ്കിങ് റൗണ്ടിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെ രണ്ടാംസ്ഥാനം നേടി. ആകെ 703 പോയിൻ്റ് നേടിയ ശീതൾ നിലവിലെ ലോക റെക്കോർഡും പാരാലിംപിക്സ് റെക്കോർഡും മറികടന്നു.
എന്നാൽ ശീതളിനെ ഒരു പോയിന്റ് വ്യത്യാസത്തിൽ മറികടന്ന് ഒന്നാമതെത്തിയ തുർക്കിയുടെ ഓസർ ഗിർദി (704 പോയിൻ്റ്) പുതിയ ലോക റെക്കോർഡിനുടമയായി. ആർച്ചറിയിൽ ഇരുകൈകളുമില്ലാതെ പാരിസ് പാരാലിംപിക്സിൽ മത്സരിക്കുന്ന ഏക വനിതാ താരം ജമ്മു കശ്മീർ സ്വദേശിനിയായ ശീതളാണ്. ഇതേ ഇനത്തിൽ ഇന്ത്യയുടെ സരിത ദേവി ആറാം സ്ഥാനത്തെത്തി. മെഡൽ റൗണ്ട് മത്സരങ്ങൾ നാളെ ആരംഭിക്കും.
പാരിസ് പാരാലിംപിക്സിൻ്റെ ആദ്യ മത്സരദിനമായ ഇന്നലെ പാരാ ബാഡ്മിൻ്റനിലാണ് കൂടുതൽ ഇന്ത്യൻ താരങ്ങൾ മത്സരത്തിനിറങ്ങിയത്. വനിതാ സിംഗിൾസിൽ നിത്യ ശ്രീ, മനിഷ രാംദാസ്, തുളസി മുരുകേശൻ, പലക് കോലി എന്നിവർ ആദ്യ മത്സരം വിജയിച്ചപ്പോൾ മാനസി ജോഷി പരാജയപ്പെട്ടു.