സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിഗുരുതരമായി തുടരവേ വികസന പദ്ധതികൾ വെട്ടിച്ചുരുക്കാനും മാറ്റി വയ്ക്കാനും ഒരുങ്ങി സർക്കാർ. അനിവാര്യമല്ലാത്ത പദ്ധതികൾ ഒഴിവാക്കും.ഈ സാമ്പത്തിക വർഷത്തെ പദ്ധതികളിൽ 10 കോടി രൂപയ്ക്ക് മുകളിൽ അടങ്കൽ തുക ഉള്ളവ പരിശോധിച്ച് അനിവാര്യമല്ലെങ്കിൽ മാറ്റി വയ്ക്കാനാണ് തീരുമാനം. പദ്ധതി ചെലവ് വെട്ടിക്കുറച്ച് സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളും ക്ഷേമ പദ്ധതി കുടിശ്ശികയും കുറച്ചെങ്കിലും നൽകാനാണ് ശ്രമം.
മാറ്റി വയ്ക്കാൻ കഴിയാത്ത പദ്ധതികൾ 10 കോടിയ്ക്കു മുകളിലാണെങ്കിൽ വകുപ്പിനു ആകെ ഭരണാനുമതി ലഭിച്ച തുകയുടെ 50 ശതമാനത്തിനുള്ളിൽ ഈ പദ്ധതികളെല്ലാം നിർത്തണം. പത്ത് കോടി രൂപയ്ക്ക് താഴെയുള്ള പദ്ധതികളുടെ കാര്യത്തിലും വകുപ്പിനു ആകെ ഭരണാനുമതി ലഭിച്ച തുകയുടെ 50 ശതമാനം തുക മാത്രമേ ചെലവിടാൻ പാടുള്ളു.
സാമ്പത്തിക വർഷത്തിന്റെ അഞ്ച് മാസം പിന്നിട്ടെങ്കിലും പണില്ലാത്തതിനാൽ പദ്ധതി വിഹിതത്തിലെ ചെലവ് തീരെ കുറഞ്ഞു. ഡിസംബർ വരെ കടമെടുക്കാൻ കേന്ദ്രം അനുവദിച്ച പരിധി കഴിഞ്ഞതിനാലും ക്ഷേമ പദ്ധതികളും നൂറദിന കർമ പരിപാടികളും മുടങ്ങാതിരിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.