തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെഎഫ്സി) ബിസിനസ് 10,000 കോടി രൂപയാക്കലാണ് സർക്കാർ ലക്ഷ്യമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സംരംഭകത്വത്തെയും നവീന ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്റ്റാർട്ടപ്പുകളുടെ സാങ്കേതികവും ബിസിനസ്പരവുമായ കാര്യങ്ങൾക്കപ്പുറം അവയുടെ ഇന്ധനമായ ധനലഭ്യതക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കുന്നതിന് മേഖലയിലുള്ളവരുമായി ആശയവിനിമയം നടത്തുന്നതിനാണ് ഇത്തരത്തിൽ ഒരു കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നതെന്നും കേരളത്തിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് കുതിപ്പും ഊർജവും പകരുന്നതിനായി സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണീ പ്രഥമ കോൺക്ലേവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.