ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ആരോപണവിധേയനായ സി.പി.എം എം.എൽ.എ മുകേഷിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ.സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.മുകേഷ് ധാർമികതയുടെ പേരിൽ മാറി നിൽക്കണമെന്നതാണ് സി.പി.ഐ എക്സിക്യൂട്ടീവ് തീരുമാനമെന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിച്ചു. യോഗത്തിൽ ഉയർന്നു വന്ന ഭൂരിപക്ഷ തീരുമാനവും മുകേഷിനെതിരായിരുന്നു. അദ്ദേഹത്തെ മാറ്റിനിർത്തണമെന്ന പൊതുവികാരം കൂടി പരിഗണിച്ചാണ് സിപിഐ ഇത്തരം തീരുമാനത്തിലേക്കെത്തിയത്. മുകേഷിന്റെ രാജിയിൽ ബിനോയ് വിശ്വം മൃദുവായ നിലപാടാണ് നേരത്തെ എടുത്തിരുന്നത്.
എൽഡിഎഫ് സർക്കാർ പോകുന്നത് ശരിയായ പക്ഷത്താണെന്നും സർക്കാറിന്റേത് സ്ത്രീപക്ഷമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ പാർട്ടി യോഗത്തിലെ ഭൂരിപക്ഷ തീരുമാനം മുകേഷിനെതിരായതോടെ ബിനോയ് വിശ്വവും നിലപാടിൽ മാറ്റം വരുത്തുകയായിരുന്നു.അതേസമയം ലൈംഗിക പീഡന പരാതിയിൽ മുകേഷിനോട് എം.എൽ.എ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെടേണ്ടെന്ന നിലപാടാണ് സി.പി.എമ്മിനുള്ളത്.