ഭരണഘടനാ വിദഗ്ധനും പ്രശസ്ത കോളമിസ്റ്റും അഭിഭാഷകനുമായ എ ജി നൂറാനി അന്തരിച്ചു. 93 വയസായിരുന്നു. സുപ്രീംകോടതിയിലും ബോംബൈ ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം.ഇന്ത്യൻ നിയമ-രാഷ്ട്രീയ വൃത്തങ്ങളിലെ പ്രമുഖനായ നൂറാനിക്ക് വിവിധ വിഷയങ്ങളിൽ അഗാധ പാണ്ഡിത്യമായിരുന്നു.
1930ലാണ് അബ്ദുൽ ഗഫൂർ മജീദ് നൂറാനിയെന്ന എ ജി നൂറാനിയുടെ ജനനം. മുംബൈയിലെ ഗവ. ലോ കോളജിൽനിന്നാണ് നൂറാനി നിയമബിരുദം നേടിയത്. നിയമം, ചരിത്രം, രാഷ്ട്രീയം എന്നീ മേഖലകളിൽ സുപ്രധാന സംഭാവനകൾ നൽകിയിട്ടുള്ള നൂറാനി ഒട്ടേറെ പുസ്തകങ്ങളും രചിച്ചു. ‘ദ കശ്മീർ ക്വസ്റ്റിയൻ’, ‘മിനിസ്‌റ്റേഴ്‌സ് മിസ്‌കോൺഡക്ട്’, ‘ബ്രഷ്‌നേവ്‌സ് പ്ലാൻ ഫോർ ഏഷ്യൻ സെക്യൂരിറ്റി’, ‘ദ പ്രസിഡൻഷ്യൽ സിസ്റ്റം’, ‘ദി ട്രയൽ ഓഫ് ഭഗത് സിങ്’, ‘കോൺസ്റ്റിറ്റിയൂഷനൽ ക്വസ്റ്റിയൻസ് ഇൻ ഇന്ത്യ’, ‘ദ ആർഎസ്എസ് ആൻഡ് ദ ബിജെപി: എ ഡിവിഷൻ ഓഫ് ലേബർ’, ‘ദ ആർഎസ്എസ്: എ മെനസ് ടു ഇന്ത്യ’ തുടങ്ങിയ പുസ്തകങ്ങളും എഴുതി.സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ബദ്‌റുദ്ദീൻ തിയാബ്ജി, മുൻ പ്രസിഡന്റ് സാകിർ ഹുസൈൻ എന്നിവരുടെ ജീവചരിത്രം എഴുതിയിട്ടുണ്ട്.