വിളപ്പിൽ: ചെറുവല്ലിയിലെ താമസക്കാരുടെ വഴിമുടക്കി പോലീസിൻ്റെ തൊണ്ടിമുതലുകൾ റോഡിൽ. വിളപ്പിൽശാല പോലീസ് സ്റ്റേഷനു മുന്നിലുള്ള ചെറുവല്ലി റോഡിലാണ് വിവിധ കേസുകളിൽ ഉൾപ്പെട്ട് കസ്റ്റഡിയിലെടുത്ത തൊണ്ടി വാഹനങ്ങൾ പോലീസ് നിരത്തി ഇട്ടിരിക്കുന്നത്. പൊതുവെ വീതി കുറവുള്ള ഈ പഞ്ചായത്ത് റോഡിലൂടെ ഒരു സ്കൂട്ടർ പോയാൽ കാൽനടയാത്രക്കാരന് നടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
വിളപ്പിൽശാല ക്ഷേത്ര ജംഗ്ഷനിലെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പോലീസ് സ്റ്റേഷൻ 2019 ലാണ് ചെറുവല്ലി റോഡിൽ പുതിയ കെട്ടിടം നിർമ്മിച്ച് മാറ്റിസ്ഥാപിച്ചത്. തുടക്കകാലത്ത് തൊണ്ടി വാഹനങ്ങളും, സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുമായി സമീപത്ത് സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞുകിടന്ന പറമ്പാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ കാലക്രമേണ ‘തൊണ്ടി’യും ‘പാർക്കിംഗും’ തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മനസിലാക്കി സ്വകാര്യവ്യക്തി വസ്തു വേലികെട്ടി സംരക്ഷിച്ചു. ഇതോടെ പോലീസ് റോഡുതന്നെ പാർക്കിംഗ് യാർഡാക്കുകയായിരുന്നു
കേസുകൾ കോടതിയിൽ തീർപ്പാകുന്നതുവരെ വാഹനങ്ങൾ സൂക്ഷിക്കേണ്ട ഉത്തരവാദിത്വം പോലീസിനാണ്. പാർക്കിംഗിന് സമീപത്ത് എവിടെയെങ്കിലും ഭൂമി വാങ്ങിനൽകാമെന്ന് പഞ്ചായത്ത് ഉറപ്പു നൽകിയിരുന്നെങ്കിലും പാലിച്ചില്ല. ചെറുവല്ലി റോഡിൽ നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. സ്കൂൾ വാനുകൾ അടക്കമുള്ള വാഹനങ്ങൾക്ക് നിലവിൽ ഈ റോഡിലൂടെ പോകാനാവില്ല. പോലീസ് സ്റ്റേഷന് എത്രയും വേഗം പാർക്കിംഗ് ഏര്യ പഞ്ചായത്ത് കണ്ടെത്തി നൽകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.