നാഗപട്ടണം: ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രമുഖ ക്രിസ്ത്യൻ ദേവാലയവും തീർത്ഥാടന കേന്ദ്രവുമായ വേളാങ്കണ്ണി പള്ളിയിലെ പെരുന്നാൾ മഹോത്സവത്തിന് ഇന്ന് കൊടിയേറും. ഇന്ന് വൈകീട്ടോടെ പ്രദക്ഷിണത്തിന് ശേഷം നടക്കുന്ന കൊടിയേറ്റ് ചടങ്ങിന് തഞ്ചാവൂര്‍ രൂപത അധ്യക്ഷനായ ബിഷപ്പ് ഡോ. ടി സഹായരാജ് മുഖ്യകാര്‍മികത്വം വഹിക്കും. പെരുന്നാൾ ആരംഭിച്ചു കഴിഞ്ഞാൽ ഇനി പത്ത് ദിവസത്തോളം ഇവിടേക്ക് ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഒഴുകിയെത്തുക.
സെപ്റ്റംബർ എട്ടിനായിരിക്കും കൊടിയിറക്കം. തിരുനാള്‍ ദിനത്തില്‍ രാവിലെ ആറിന് ആഘോഷമായ കുര്‍ബാനയും വൈകീട്ട് ആറിന് കൊടിയിറക്ക് ചടങ്ങുകളുമാണ് നടക്കുക. നാളെ മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ ദിവസവും രാവിലെ ഒൻപത് മണിക്ക് മോണിങ് സ്റ്റാര്‍ ദേവാലയത്തില്‍ മലയാളത്തില്‍ കുര്‍ബാന ഉണ്ടാകും. പെരുന്നാൾ കണക്കിലെടുത്ത് വലിയ രീതിയിലുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. സായുധ സേനയിലെ അംഗങ്ങൾ ഉൾപ്പെടെ ഏകദേശം രണ്ടായിരത്തോളം പേരെയാണ് ഇവിടെ സുരക്ഷാ ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. ഗതാഗത നിയന്ത്രണത്തിന് മാത്രം 380 ട്രാഫിക് പോലീസുകാർക്ക് ചുമതല നൽകിയിട്ടുണ്ട്. 150 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചതിന് പുറമേ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നീരക്ഷണവും നടത്തി വരുന്നുണ്ട്. വിവിധ മേഖലകളിലായി അറുപതോളം പാർക്കിംഗ് കേന്ദ്രങ്ങൾ തീർത്ഥാടകർക്കായി ഒരുക്കിയിട്ടുണ്ട്.
സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
വേളാങ്കണ്ണി പെരുന്നാളിൽ പങ്കെടുക്കാൻ കാത്തിരിക്കുന്ന വിശ്വാസികൾക്ക് ആശ്വാസമായി ധാരാളം സ്പെഷ്യൽ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, ആന്ധ്ര, തെലങ്കാന, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള വിശ്വാസികൾക്കാണ് ഇവിടേക്ക് എത്തിച്ചേരാൻ ഈ സ്പെഷ്യൽ ട്രെയിനുകൾ സഹായിക്കും.
കേരളത്തിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് രണ്ട് ട്രെയിനാണ് നിലവിലുള്ളത്. വേളാങ്കണ്ണി പെരുന്നാളിന് തിരുവനന്തപുരത്തിനും വേളാങ്കണ്ണിക്കുമിടയിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്താനാണ് റെയിൽവേയുടെ തീരുമാനം. വേളാങ്കണ്ണിയിലേക്ക് ബുധനാഴ്ചകളിലും തിരികെ തിരുവനന്തപുരത്തേക്ക് വ്യാഴാഴ്ചകളിലും ട്രെയിൻ സർവീസ് നടത്തും.
ഇത് കൂടാതെ എല്ലാ തിങ്കളാഴ്ചകളിലും ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 1.00 മണിക്ക് പുറപ്പെടുന്ന എറണാകുളം വേളാങ്കണ്ണി എക്സ്പ്രസ് ട്രെയിൻ കൂടിയുണ്ട്. ഞായറാഴ്ച രാവിലെ 5.45നാണ് ട്രെയിൻ പുറപ്പെടുക. സ്ലീപ്പർ, എസി 3 ടയർ, എസി ടൂ ടയർ എന്നീ കോച്ചുകളാണ് ഇതിലുള്ളത്. കൂടാതെ കെഎസ്ആർടിസിയുടെ ചങ്ങനാശ്ശേരി വേളാങ്കണ്ണി ബസും സർവീസ് നടത്തുന്നുണ്ട്. ചങ്ങനാശേരിയിൽ നിന്നും പകൽ 2.30ന് ആരംഭിച്ച് പിറ്റേന്ന് പുലർച്ചെ 5.45ന് വേളാങ്കണ്ണിയിൽ എത്തുംവിധമാണ് സർവീസ് നടത്തുന്നത്.