പാസ്പോര്‍ട്ട് സേവ പോര്‍ട്ടല്‍ ഇന്നു മുതല്‍ (ആഗസ്റ്റ് 29) അഞ്ച് ദിവസത്തേക്ക് പ്രവര്‍ത്തിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പോര്‍ട്ടലിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് അഞ്ച് ദിവസത്തേക്ക് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്ത്തിവെയ്ക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അഞ്ച് ദിവസത്തേക്ക് പുതിയ അപ്പോയ്ന്മെന്റുകള് സ്വീകരിക്കില്ലെന്നും നേരത്തെ ബുക്ക് ചെയ്തിരുന്ന അപ്പോയ്ന്മെന്റുകള് പിന്നീടൊരു ദിവസത്തേക്ക് ഷെഡ്യൂള്‍ ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.’’ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 29 രാത്രി എട്ട് മണി മുതല്‍ സെപ്റ്റംബര്‍ 2 രാവിലെ ആറ് മണിവരെ പാസ്പോര്‍ട്ട് സേവ പോര്‍ട്ടല്‍ പ്രവര്‍ത്തിക്കില്ല. ആഗസ്റ്റ് 30ന് അപ്പോയ്ന്മെന്റ് ലഭിച്ചിരുന്നവര്‍ക്ക് ഉചിതമായ മറ്റൊരു തീയതി പിന്നീട് അറിയിക്കുന്നതാണ്,’’ സര്‍ക്കാര്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ മാര്‍ച്ചിലും സമാനമായ രീതിയില്‍ മൂന്ന് ദിവസത്തോളം പാസ്പോര്‍ട്ട് സേവ പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതമായിരുന്നു. സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു അന്നും പോര്‍ട്ടല്‍ നിശ്ചലമായത്.