പാരിസ്: ആഴ്ചകൾക്കു മുൻപ് ഒളിംപിക്സിന്റെ ആവേശപ്പോരാട്ടങ്ങൾക്കു വേദിയായ പാരിസിൻ്റെ ഉത്സവപ്പറമ്പിൽ ഇനി പാരാലിംപിക്സ് മത്സരങ്ങൾ. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ വിശ്വ കായികമേളയായ പാരാലിംപിക്സിന്റെ 17-ാം പതിപ്പിന് ഫ്രാൻസിലെ പാരിസിൽ ഇന്നു പുലർച്ചെ തുടക്കമായി. വർണാഭമായ കലാവിസ്മയങ്ങളുടെ നിറക്കൂട്ടിനിടെ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോ, പാരാലിംപിക്സിന് തുടക്കമായതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി 11.30ന് ആരംഭിച്ച ഉദ്ഘാടനച്ചടങ്ങ്, 4 മണിക്കൂറോളം നീണ്ടു.
ഇതാദ്യമായാണ് പാരിസ് പാരാലിംപിക്സിന് വേദിയാകുന്നത്. 182 രാജ്യങ്ങളിൽ നിന്നായി 4400 കായിക താരങ്ങൾ പങ്കെടുക്കുന്ന ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ പാരാ അത്ലീറ്റുകളായ സുമിത് അന്റിലും ഭാഗ്യശ്രീ യാദവും ഇന്ത്യൻ പതാകയേന്തി. 2021 ടോക്കിയോ പാരാലിംപിക്സിൽ ജാവലിൻ ത്രോയിൽ സ്വർണ മെഡൽ ജേതാവായിരുന്നു സുമിത്. ഇനിയുള്ള 11 നാൾ ശരീരത്തിന്റെ പരിമിതികളെ ആത്മവിശ്വാസത്തിൻ്റെ ചിറകിലേറി പൊരുതിത്തോൽപിച്ചവരുടെ കായികനേട്ടങ്ങൾക്ക് ലോകം കയ്യടിക്കും.
182 രാജ്യങ്ങളിൽ നിന്നായി 4,400 കായിക താരങ്ങൾ പങ്കെടുക്കുന്ന ഗെയിംസിൽ 22 ഇനങ്ങളിലായി 549 മെഡൽ മത്സരങ്ങളാണുള്ളത്. അംഗപരിമിതിയുടെ തോതനുസരിച്ചാണു പാരാലിംപിക്സിൽ വിവിധ മത്സരവിഭാഗങ്ങൾ തീരുമാനിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി പാരിസ് പാരാലിംപിക്സിൽ മത്സരിക്കുന്ന ടീം ഇന്ത്യയുടെ ലക്ഷ്യം എക്കാലത്തെയും മികച്ച മെഡൽനേട്ടമാണ്. ഇന്ത്യയുടെ 84 അത്ലീറ്റുകളിൽ മലയാളിയായ പാരാ ഷൂട്ടർ സിദ്ധാർഥ ബാബുവുമുണ്ട്.
2021 ടോക്കിയോ പാരാലിംപിക്സിൽ നേടിയ 19 മെഡലുകളാണ് ഗെയിംസിന്റെ ചരിത്രത്തിൽ ഇന്ത്യയുടെ ഇതുവരെയുള്ള ഉയർന്ന നേട്ടം. 54 താരങ്ങളുമായി ടോക്കിയോയിൽ മത്സരിച്ച ഇന്ത്യ മെഡൽപ്പട്ടികയിൽ 24-ാം സ്ഥാനത്തെത്തി കരുത്തുകാട്ടിയിരുന്നു. പാരിസിലെ 22 മത്സരയിനങ്ങളിൽ 12 ഇനങ്ങളിലാണ് ഇന്ത്യയ്ക്കു പ്രാതിനിധ്യം.