നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ ആഗോള നിലവാരത്തിലുള്ള വിമാനത്താവള അനുഭവം ഒരുക്കാൻ പുതിയ എയ്റോ ലോഞ്ച് പദ്ധതിയുമായി സിയാൽ. രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ചാണിത്. നിലവിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ടെർമിനൽ വികസനം, കൂടുതൽ ഫൂഡ് കോർട്ടുകളുടെയും ലോഞ്ചുകളുടെയും നിർമാണം, ശുചിമുറികളുടെ നവീകരണം എന്നിവയും അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 2022-ൽ രാജ്യത്തെ പ്രമുഖ ആഡംബര ബിസിനസ് ജെറ്റ് ടെർമിനൽ കമ്മീഷൻ ചെയ്തതിനുശേഷം, 2000-ലധികം സ്വകാര്യ ജെറ്റ് പ്രവർത്തനങ്ങളാണ് സിയാൽ കൈകാര്യം ചെയ്തിട്ടുള്ളത്. ബിസിനസ് ജെറ്റിനായി ഒരുക്കിയിട്ടുള്ള രണ്ടാം ടെർമിനലിലാണ് ആധുനിക സൗകര്യങ്ങളോടെ എയ്റോ ലോഞ്ച് പ്രവർത്തിക്കുക. ഇത് 2024 സെപ്തംബർ 1 ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ യാത്രക്കാർക്കായി തുറന്ന് കൊടുക്കും.
കുറഞ്ഞ ചെലവിൽ ആഡംബര സൗകര്യം എന്ന വിപ്ലവകരമായ ആശയത്തിലൂന്നി നിർമ്മിച്ച 0484 എയ്റോ ലോഞ്ചിൽ, മിതമായ നിരക്കിൽ പ്രീമിയം എയർപോർട്ട് ലോഞ്ച് അനുഭവമാണ് യാത്രക്കാർക്ക് ലഭൃമാകുന്നത്. സെക്യൂരിറ്റി ഹോൾഡിംഗ് ഏരിയകൾക്ക് പുറത്തായി, ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകൾക്ക് സമീപത്തായാണ് പുതിയ ലോഞ്ച് ഒരുക്കിയിട്ടുള്ളത്. യാത്രക്കാർക്കും അല്ലാത്തവർക്കും ഒരുപോലെ ഈ ലോഞ്ച് സൗകര്യം ഉപയുക്തമാക്കാൻ കഴിയും.
എറണാകുളത്തിന്റെ എസ്.ടി.ഡി കോഡില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് 0484 എന്നാണ് എയ്റോ ലോഞ്ചിന് നാമകരണം. അകച്ചമയങ്ങളില്‍ കേരളത്തിന്റെ പ്രകൃതിലാവണ്യവും കായലും വള്ളവും സസ്യജാലങ്ങളും സന്ദർശകർക്കായി രൂപകല്പന ചെയ്തിരിക്കുന്നു. അരലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിൽ 37 റൂമുകള്‍, നാല് സ്യൂട്ടുകള്‍, മൂന്ന് ബോര്‍ഡ് റൂമുകള്‍, 2 കോണ്‍ഫറന്‍സ് ഹാളുകള്‍, കോ-വര്‍ക്കിങ് സ്പേസ്, ജിം, ലൈബ്രറി, റസ്റ്ററന്റ്, സ്പാ, പ്രത്യേക കഫേ ലോഞ്ച് എന്നിവയെല്ലാം വിശാലമായ ഈ 0484 എയ്റോ ലോഞ്ചിൽ ഒരുക്കിയിട്ടുണ്ട്.
യാത്രക്കാര്‍ക്ക് ആഗോള നിലവാരത്തിലുള്ള സൗകര്യങ്ങളൊരുക്കുന്നതില്‍ സിയാല്‍ പ്രതിജ്ഞാബദ്ധമാണ് തെളിയിക്കുന്ന സൗകര്യങ്ങൾ. ഈ ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പിലാക്കി വരുന്ന രാജ്യാന്തര ടെര്‍മിനല്‍ വികസനം, കൂടുതല്‍ ലോഞ്ചുകളുടെയും ഫൂഡ് കോര്‍ട്ടുകളുടെയും നിര്‍മാണം, ശുചിമുറികളുടെ നവീകരണം തുടങ്ങിയ പ്രോജക്ടുകള്‍ അതിവേഗം പുരോഗമിക്കുകയാണ്. 2023 ഒക്ടോബറില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത 7 മെഗാ പദ്ധതികളില്‍ മൂന്നെണ്ണം ഇതിനോടകം പ്രവര്‍ത്തനം തുടങ്ങി. 0484 എയ്റോ ലോഞ്ച് നാലാമത്തേതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ ലോഞ്ച് ആണിതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു.