കന്യാകുമാരി: നാഗര്‍കോവില്‍ കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശിയായ രാമചന്ദ്ര സോണി ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കൂടുതല്‍ വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയെന്നാണ് വിവരം. തമിഴ്‌നാട്ടിലെ മറ്റ് സ്‌കൂളുകളിലും രാമചന്ദ്ര സോണി അധ്യാപകനായിരുന്നു.
സ്‌കൂള്‍ പ്രഥമാധ്യാപകനോടാണ് പെണ്‍കുട്ടി ആദ്യം വിവരം പറഞ്ഞത്. തൊട്ടുപിന്നാലെ അന്വേഷണ കമ്മിഷനെ നിയോഗിച്ച സ്‌കൂള്‍ അധികൃതര്‍, രാമചന്ദ്ര സോണിയെ സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് പ്രഥമാധ്യാപകന്‍ തന്നെയാണ് അധ്യാപകനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫിസറിനെയും അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിദ്യാര്‍ഥിനികളുടെ മൊഴിയെടുക്കുമെന്നും വനിതാ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ ആശാ ജവഹര്‍ പറഞ്ഞു.