വിളപ്പിൽ: പഴഞ്ചൻവില്ലിന്റെ പൊട്ടിയ ഭാഗങ്ങൾ സെലോടേപ്പ് ഒട്ടിച്ച് ഡിഞ്ചൂസർ മത്സരിക്കുന്നത് രാജ്യാന്തര താരങ്ങളോട്. പിഴയ്ക്കാത്ത ഉന്നവും ആത്മവിശ്വാസവും മാത്രം കൈമുതലാക്കി ഈ കായികതാരം എയ്തിട്ടതെല്ലാം സ്വർണ്ണ മെഡലുകൾ.
വിളപ്പിൽശാല മാരാർജി നഗറിൽ വാടകയ്ക്ക് താമസിക്കുന്ന ഇബനീസർ – ഷീല ദമ്പതികളുടെ മകനാണ് ഡിഞ്ചൂസർ (28). കുട്ടിക്കാലം മുതൽ ഡിഞ്ചൂസറിന്റെ മോഹമായിരുന്നു അമ്പെയ്ത്ത് പഠിക്കണമെന്നത്. കൂലിപ്പണിക്കാരനായ ഇബനീസർ മുണ്ടുമുറുക്കിയുടുത്ത് മകനെ സ്പോർട്സ് ക്ലബിൽ ചേർത്ത് അമ്പെയ്ത്ത് പഠിപ്പിച്ചു. ആ അച്ഛന്റെ കഷ്ടപ്പാട് വെറുതേയായില്ല. സംസ്ഥാന, ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ ഡിഞ്ചൂസർ എയ്തിട്ടത് സ്വർണ മെഡലുകൾ.
8 വർഷം മുമ്പ് 10000 രൂപ പലിശയ്ക്കെടുത്ത് ഇബനീസർ വാങ്ങിക്കൊടുത്ത അമ്പും വില്ലുമായാണ് ഡിഞ്ചൂസർ മത്സരക്കളങ്ങളിൽ പങ്കെടുക്കുന്നത്. നല്ലൊരു അമ്പും വില്ലും വാങ്ങാൻ ലക്ഷങ്ങൾ വേണം. മറ്റ് കായിക ഇനങ്ങൾക്ക് സർക്കാർ നൽകുന്ന പിന്തുണയൊന്നും അമ്പെയ്ത്തിനില്ല. പുത്തൻ അമ്പും വില്ലും ഡിഞ്ചൂസറിന് ഇന്നും സ്വപ്നമാണ്. കായിക ഇനങ്ങളിൽ ദേശീയ തലത്തിൽ മെഡൽ നേടുന്നവർക്ക് സർക്കാർ ജോലി നൽകുന്നുണ്ട്. അവിടെയും ഈ അമ്പെയ്ത്തുകാരനോട് അവഗണന.
നവംബറിൽ അരുണാചലിൽ നടക്കുന്ന ദേശീയ അമ്പെയ്ത്ത് മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഡിഞ്ചൂസർ. നല്ലൊരു പരിശീലകനുകീഴിൽ പ്രാക്ടീസ് ചെയ്യാൻ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ല. ഇപ്പോൾ തിരുമലയിലെ സ്വകാര്യ ക്ലബിൽ പരിശീലകനാണ് ഡിഞ്ചൂസർ.