തിരുവനന്തപുരം: ജാതി വിവേചനത്തിനെതിരെയും അവശ ജനവിഭാഗങ്ങൾക്ക് വേണ്ടിയും പോരാടിയ മഹാത്മാ അയ്യൻകാളിയുടെ ജയന്തി ഇന്ന്. സംസ്ഥാനമൊട്ടാകെ വിവിധ പരിപാടികളോടെ 161-ാം ജയന്തിയാഘോഷം നടക്കും. ജാതി വിവേചനത്തിന്റെ അനീതിക്കെതിരെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യാവകാശത്തിനുവേണ്ടിയുള്ള ഐതിഹാസികമായ ഒട്ടേറെ പ്രക്ഷോഭങ്ങൾ നയിച്ച വിപ്ലവകാരിയായിരുന്നു അയ്യങ്കാളി.
അവഗണിക്കപ്പെട്ട അവശ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ ഇണക്കിച്ചേർക്കുന്നതിനു വേണ്ടി അഹോരാത്രം അദ്ധ്വാനിച്ച നവോത്ഥാന നായകരിലെ പ്രമുഖൻ. സവർണർ മാത്രം സഞ്ചരിച്ച രാജപാതയിൽ വില്ലുവണ്ടിയിൽ യാത്ര ചെയ്ത അയ്യൻകാളി എന്ന ചെറുപ്പക്കാരൻ കാളകളെ തെളിച്ചത് ചരിത്രത്തിലേക്കായിരുന്നു. 1893ൽ നടത്തിയ വില്ലുവണ്ടിയാത്ര സവർണാധിപത്യത്തിന്റെ കാട്ടുനീതിക്കെതിരെയായിരുന്നു. കല്ലുമാല സമരവും പെരിനാട് സമരവുമെല്ലാം അയ്യങ്കാളി നടത്തിയിട്ടുള്ള ചരിത്ര സമരങ്ങളായിരുന്നു. അയ്യങ്കാളിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അധഃസ്ഥിതരായ സ്ത്രീകൾ കല്ലുമാല പൊട്ടിച്ചെറിയാനും മാറു മറയ്ക്കാനും വേണ്ടി നടത്തിയ പ്രക്ഷോഭം കേരള ചരിത്രത്തിന്റെ ഭാഗമാണ്. 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തെ തുടർന്ന് കേരളത്തിലെത്തിയ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തി അയ്യൻകാളിയെ സന്ദർശിച്ചത് ചരിത്രമുഹൂർത്തമായി.
അയ്യങ്കാളി ജയന്തിയായ ഇന്ന് പട്ടികജാതി വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ദിനാചരണം, ക്വിസ് മത്സരം, ശുചിത്വ സെമിനാർ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും. കെപിഎംഎസ് നടത്തുന്ന അയ്യങ്കാളി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 11 ന് വെള്ളയമ്പലം അയ്യങ്കാളിപ്രതിമയിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് നടക്കുന്ന സമ്മേളനം മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻ്റ് അശോകൻ എകെ നഗർ അധ്യക്ഷത വഹിക്കും. സെപ്റ്റംബർ 16 ന് ഹരിപ്പാട്ടു നടക്കുന്ന അവിട്ടംദിന ആഘോഷ സമ്മേളനം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും.
ഭാരതീയ ദലിത് കോൺഗ്രസ് കവടിയാർ കൊട്ടാരം മുതൽ അയ്യങ്കാളി സ്ക്വയർ വരെ നടത്തുന്ന വില്ലുവണ്ടി യാത്ര രാവിലെ 10 ന് അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്യും. കോവളം അയ്യങ്കാളിയുടെ ജന്മനാടായ വെങ്ങാനൂരിൽ വിവിധ പരിപാടികളോടെ ജയന്തി ആഘോഷിക്കും. രാവിലെ 10ന് നടക്കുന്ന സമ്മേളനം മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്യും. സാധുജന പരിപാലന സംഘത്തിന്റെ നേതൃത്വത്തിലും ജന്മദിനാഘോഷം നടക്കും. അടുത്ത മാസം 16 വരെ നീളുന്ന വിപുലമായ ആഘോഷ പരിപാടികൾക്ക് ഇന്ന് വെങ്ങാനൂരിൽ തിരിതെളിയും. ഇന്നു രാവിലെ 8ന് സ്മൃതി മണ്ഡപത്തിൽ സംസ്ഥാന പ്രസിഡൻ്റ് കെ.വാസുദേവന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന. 9ന് മധുരം വിളമ്പൽ. വയനാട് ദുരന്ത പശ്ചാത്തലത്തിൽ മറ്റു കലാപരിപാടികൾ ഒഴിവാക്കിയതായി സംഘം ജനറൽ സെക്രട്ടറി സുരേഷ് ജഗതി അറിയിച്ചു. 16ന് രാവിലെ 8 മുതൽ പുഷ്പാർച്ചന. വൈകിട്ട് 3.30ന് രാഗമാലിക.
എസ്ജെപിഎസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവളം ആനിമേഷൻ സെന്ററിൽ അയ്യങ്കാളി ജന്മദിനാഘോഷവും വെങ്ങാനൂർ തീർഥാടന ഉദ്ഘാടനവും നടക്കും. 10ന് വെങ്ങാനൂരിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന. ജില്ലാ പ്രസിഡന്റ് കോളിയൂർ ജി.ഗോപിയുടെഅധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. 12.30ന് വെങ്ങാനൂർ അംബേദ്കർ ഗ്രാമത്തിൽനിന്നു സ്മൃതി മണ്ഡപത്തിലേക്ക് റാലി.