താൻ ആരോപണം ഉന്നയിച്ച യുവ നടൻ ജയസൂര്യ അല്ലെന്ന് വെളിപ്പെടുത്തി നടി സോണിയ മൽഹാർ. തന്റെ അനുഭവം തുറന്നു പറഞ്ഞതിന് പിന്നാലെ ആ വ്യക്തി ജയസൂര്യ ആണെന്ന തരത്തിൽ വ്യാപക പ്രചാരണങ്ങൾ നടന്നിരുന്നു.പ്രമുഖരുടെ മുഖംമൂടി അഴിക്കാനാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്നും നിയമപരമായ നടപടികള്‍ ഈ വിഷയത്തില്‍ ഇനി വരികയാണെങ്കില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ആ പേര് പറയുമെന്നും നടി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് നടിയുടെ വെളിപ്പെടുത്തൽ.
എന്റെ വെളിപ്പെടുത്തല്‍ കാരണം പല ആര്‍ടിസ്റ്റുകളുടെയും സൂപ്പര്‍താരങ്ങളുടെയും പേരുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഉയര്‍ന്നു കേട്ടു. മോഹൻലാൽ, ദുല്‍ഖര്‍ സൽമാൻ, ജയസൂര്യ അടക്കം പലരുടെയും പേരുകള്‍ പറഞ്ഞു. അതൊക്കെ കേള്‍ക്കുമ്പോള്‍ ഭയങ്കര വിഷമമുണ്ട്. അവരുടെ വീട്ടുകാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടില്‍ നമുക്കൊന്നും ചെയ്യാനില്ല. ഞാൻ ആയിട്ട് ആരുടേയും പേര് എടുത്തു പറയാൻ പോകുന്നില്ല. ദയവ് ചെയ്ത് ജയസൂര്യയടക്കമുള്ള ആളുകളെ എന്റെ പേരില്‍ ബന്ധപ്പെടുത്തി വാര്‍ത്ത പ്രചരിപ്പിക്കരുത്. എന്റെ വെളിപ്പെടുത്തലിൽ ഏതെങ്കിലും നടന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ പരാതി കൊടുക്കുക. അപ്പോള്‍ അതിനു മറുപടി ഞാന്‍ നൽകാം. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ ചോദിച്ചാല്‍ തീര്‍ച്ചയായും എന്നെ ഉപദ്രവിച്ച ആളുകളുടെ പേര് പറയുമെന്നും നടി വ്യക്തമാക്കി.