പശ്ചിമ ബംഗാള്‍ സംഭവത്തിന് പിന്നാലെ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധം ഉയരുന്നതിനിടെ, വീണ്ടും വനിതാ ഡോക്ടർക്ക് നേരെ ആക്രമണം.ആന്ധ്രയിലാണ് സംഭവം.തിരുപ്പതിയിലെ ശ്രീ വെങ്കടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ജൂനിയര്‍ ഡോക്ടറെ രോഗി ആക്രമിച്ചു. വനിതാ ഡോക്ടറുടെ മുടിയില്‍ പിടിച്ച് തല സ്റ്റീല്‍ ഫ്രെയിമിലേക്ക് കൊണ്ടുചെന്ന് ഇടിപ്പിക്കുന്ന രോഗിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സഹപ്രവര്‍ത്തകര്‍ ഡോക്ടറിന്റെ രക്ഷയ്ക്കെത്തുന്നതും രോഗിയെ പിടിച്ചുമാറ്റുന്നതും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സംഭവസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥരാരും ഇവിടെ ഉണ്ടായിരുന്നില്ല.അതേസമയം ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് ആശുപത്രി ഡയറക്ടറും വൈസ് ചാന്‍സലറുമായ ഡോ. ആര് വി കുമാറിന് ഡോക്ടര്‍ കത്ത് എഴുതി. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ജോലിസ്ഥലത്ത് സുരക്ഷ ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തി.