തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്സസ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന ഭാരവാഹികള്‍ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ധാരണക്ക് വഴി തെളിഞ്ഞത്.
ഓട്ടോകള്‍ക്ക് സ്റ്റേറ്റ് പെർമിറ്റ് നല്കിയ തീരുമാനം പിൻവലിക്കണമെന്ന മുൻ നിലപാടില്‍ നിന്ന് സി.ഐ.ടി.യു അയഞ്ഞു. സംസ്ഥാന പെർമിറ്റ് അനുവദിക്കുന്നതിന്റെ ഭാഗമായി ടാക്സി കാറുകളിലേത് പോലെ ടാക്സ് വർധിപ്പിക്കരുതെന്നതായിരുന്നു സി.ഐ.ടി.യുവിൻ്റെ ആവശ്യങ്ങളിലൊന്ന്. ഇനി നികുതി ഏർപ്പെടുത്തുകയാണെങ്കില്‍ ആവശ്യക്കാർക്ക് മാത്രമായി സ്റ്റേറ്റ് പെർമിറ്റ് നല്‍കണം. നികുതി നിബന്ധന മൂലം സ്റ്റേറ്റ് പെർമിറ്റിന് താല്പര്യമില്ലാത്തവർക്ക് സ്വന്തം ജില്ലയോട് ചേർന്നുള്ള ജില്ലയില്‍ പൂർണമായി സഞ്ചരിക്കാൻ അനുമതി നല്‍കണം.
നിലവില്‍ അയല്‍ ജില്ലയില്‍ 20 കിലോമീറ്റർ മാത്രമാണ് ഓട്ടോറിക്ഷകള്‍ക്ക് ഓടാൻ അനുമതിയുള്ളത്. പെർമിറ്റ് ലഭിച്ച വാഹനങ്ങള്‍ നിലവിലുള്ള മറ്റ് സ്റ്റാൻഡില്‍നിന്ന് യാത്രക്കാരെ കയറ്റുന്നതും പാർക്ക് ചെയ്യുന്നതും തടഞ്ഞ് തൊഴിലാളികള്‍ തമ്മിലുള്ള സംഘർഷം ഒഴിവാക്കണം. സിറ്റി പെർമിറ്റ് ഇല്ലാത്ത വാഹനങ്ങള്‍ സിറ്റിയില്‍ പാർക്ക് ചെയ്ത് ആളെ കയറ്റുന്നതിനും അനുവദിക്കരുത്. അപകടത്തിന്റെ ഉത്തരവാദിത്തം ഡ്രൈവർക്ക് മാത്രമാണ് എന്ന എസ്.ടി.എ പുതിയ തീരുമാനം പിൻവലിക്കണമെന്നതുമടക്കം ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയില്‍ ഉചിതമായ തീരുമാനമുണ്ടാക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കി.