തിരുവനന്തപുരം: മലയാള സിനിമയെ പിടിച്ചുലയ്ക്കുന്ന വെളിപ്പെടുത്തലുകള്‍ തുടര്‍ന്നുകൊണ്ടിരിക്കവേ സമാനരീതിയിലുള്ള പരാതികള്‍ ടെലിവിഷന്‍ സീരിയല്‍ രംഗത്തേക്കും വ്യാപിക്കുന്നു. സീരിയല്‍ സംവിധായകനെതിരെയാണ് നടി പരാതിയുമായി രംഗത്തെത്തിയത്. സീരിയല്‍ സംവിധായകന് സുധീഷ് ശങ്കറിനെതിരെ നടിയായ താര ലക്ഷ്മിയാണ് കഠിനംകുളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഏഷ്യാനെറ്റിലെ പാടാത്ത പൈങ്കിളി ഉള്‍പ്പെടെയുള്ള സീരിയല്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനാണ് വ്യക്തിയാണ് സുധീഷ് ശങ്കര്‍.
2019 ലാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്. നടി ഷോര്‍ട്ട്ഫിലിമൊക്കെ ചെയ്ത് നില്‍ക്കുന്നതിനിടയിലാണ് പ്രൊഡക്ഷന്‍ കണ്ട്രോളര് വഴി സീരിയലിലേക്ക് ഓഡിഷനായി സംവിധായകന് സുധിഷ് ശങ്കര്‍ തന്നെ വിളിക്കുന്നത്. ഓരോ അഭിനേതാവിനും ഓരോ സമയം എന്നാണ് മുന്‍കൂട്ടി പറഞ്ഞിരുന്നത്. അതിനാല്‍ തന്നെ സ്ഥലത്ത് മറ്റ് താരങ്ങളെയും ഒന്നും കാണത്തതിനാല്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. സംവിധായകന് ഇരുന്ന് തന്നോട് കഥ പറയാന്‍ ആരംഭിച്ചു. മറ്റ് താരങ്ങളെക്കുറിച്ചൊക്കെ വിശദമായി പറഞ്ഞെങ്കിലും തന്റെ വേഷത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല.
സംവിധായകനോട് എന്താണ് തന്റെ വേഷമെന്ന് ചോദിച്ചപ്പോള്‍ ഗംഭീരവേഷമാണ് ഈ ഒരൊറ്റ കഥാപാത്രത്തിലൂടെ താരയെ പ്രശസ്തയാക്കി തരുമെന്നും പക്ഷെ അഡ്ജസ്റ്റ് ചെയ്യണമെന്നും പറഞ്ഞു. എന്താണ് അഡ്ജസ്റ്റ് എന്നു ചോദിച്ചപ്പോള്‍ സംവിധായകന് തന്റെ കൈയില്‍ കയറിപ്പിടിച്ചെന്നും പേടിച്ചുവിറച്ച താന്‍ അയാളെ തള്ളിയിട്ട് പുറത്തേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്ന് താര വെളിപ്പെടുത്തുന്നു.അപ്പോള്‍ തന്നെ താന്‍ ഇത് മ്യൂസിയം പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ അവിടെക്കെത്തിയ സംവിധായകന് തന്നോട് കോംപ്രമൈസിന് ശ്രമിക്കുകയും അയാളുടെ കുടുംബത്തെ ഓര്‍ത്ത് അന്ന് താന്‍ കേസാക്കിയില്ലെന്നും നടി പറയുന്നു.