മുംബൈ: ബോളിവുഡ് സിനിമാ മാസിക സ്റ്റാർഡസ്റ്റ് സ്ഥാപകനും നിർമാതാവുമായ നാരി ഹിര (86) അന്തരിച്ചു. പ്രസിദ്ധീകരണ രംഗത്തു വിപ്ലവങ്ങൾ കൊണ്ടുവന്ന അദ്ദേഹം കറാച്ചിയിലാണു ജനിച്ചത്.
രക്ഷിതാക്കൾക്കൊപ്പം ഇന്ത്യയിലേക്കു പലായനം ചെയ്ത നാരി ഹിര കോപി റൈറ്ററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1971ൽ തുടങ്ങിയ സ്റ്റാർഡസ്റ്റിൽ ബോളിവുഡിനെ ഇളക്കിമറിച്ച ഒട്ടേറെ വാർത്തകളും വിവാദങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1980കളിൽ 15 സിനിമകൾ നിർമിച്ച ഹിബ ഫിലിംസ്, മാഗ്ന ഫിലിംസ് എന്നിവയിലൂടെയും ശ്രദ്ധേയനായി. സാവി, സൊസൈറ്റി, സൊസൈറ്റി ഇന്റീരിയേഴ്സ്, ഹെൽത്ത് ആൻഡ് ന്യൂട്രീഷൻസ്, സിറ്റാഡെൽ തുടങ്ങിയ മാസികകളും പുറത്തിറക്കി.
പ്രസിദ്ധീകരണ രംഗത്തിനു നൽകിയ സംഭാവനകൾക്ക് ഇന്ത്യൻ മാഗസിൻ കോൺഗ്രസിൻ്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.