തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നും കാണാതായ അസം സ്വദേശിയായ പെണ്‍കുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചു. ഇപ്പോൾ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് കുട്ടി. തുടര്‍ നടപടികള്‍ തീരുമാനിക്കുന്നതിനായി സിഡബ്ല്യുസി ഇന്ന് പ്രത്യേക സിറ്റിങ് നടത്തി കുട്ടിയെ വിശദമായി കേൾക്കും. വീട്ടിൽ രക്ഷിതാക്കളിൽ നിന്നും നിരന്തരം നേരിട്ട മർദ്ദനവും വഴക്കുമാണോ കുട്ടി വീടുവിട്ടിറങ്ങാൻ ഉണ്ടായ സാഹചര്യം എന്നും വിശദമായി കേൾക്കും.
പെൺകുട്ടിയെ മെഡിക്കൽ പരിശോധനയും നൽകും. കുട്ടി പറയുന്നതിൽ നിന്നും വിവരങ്ങളെടുത്ത ശേഷം രക്ഷിതാക്കളുടെ മൊഴിയും രേഖപ്പെടുത്തും. നിലവിൽ പെൺകുട്ടിയ്ക്ക് മാതാപിതാക്കളോട് പോയാൽ മതി എന്നാണ് പറയുന്നത്. മിസിങ് കേസ് ആയതുകൊണ്ട് കുട്ടിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തും. കുട്ടിയെ മർദ്ദിച്ചതായുള്ള പരാതി സിഡബ്ല്യുസിയുടെ മുൻപിലുണ്ട്. ഇരു ഭാഗങ്ങളും വിശദമായി കേട്ടതിന് ശേഷമായിരിക്കും തുടർ നടപടികൾ.