അഷ്ടമിരോഹിണി മഹോൽസവത്തിൽ തിരക്കിലേക്ക് ഗുരൂവായൂര്‍. ഗുരുവായൂരപ്പന്റെ പിറന്നാള്‍ ദിനത്തില്‍ ആയിരങ്ങളാണ് ഗുരുവായൂരിലെത്തുക. രാവിലെ ഒൻപത് മണിക്ക് പ്രസാദം ഊട്ട് ആരംഭിക്കും. ഗുരുവായൂരപ്പന് നിവേദിച്ച പാൽപായസമുൾപ്പെടെയുള്ള വിശേഷാൽ പ്രസാദ ഊട്ടാണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത.
വൈകീട്ട് വൈവിധ്യമാർന്ന കലാപരിപാടികൾക്ക് ഗുരുവായൂർ വേദിയാകും. 5 മണിക്ക് മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. രാത്രി 7:30 മുതൽ സംഗീത നൃത്ത നാടകവും രാത്രി 10 മണി മുതൽ കൃഷ്ണനാട്ടവും അരങ്ങേറുംനാടെങ്ങും ഉണ്ണിക്കണ്ണനെ വരവേല്‍ക്കാൻ ഒരുങ്ങിക്കഴിഞ്ഞു. വർണ്ണശബളമായ ഘോഷയാത്രകളാണ് സംസ്ഥാനത്തെങ്ങും അരങ്ങേറുക. കുഞ്ഞു കൈകളില്‍ ഓടക്കുഴലുമായി വാർമുടിക്കെട്ടില് മയില്‍പ്പീലി വച്ച് കള്ളച്ചിരിയുമായ് കുഞ്ഞ് അമ്പാടിക്കണ്ണന്മാരും ഗോപികമാരും നഗരവീഥികള്‍ കീഴടക്കും. കാർമുകിൽ വർണ്ണന്മാരും ഗോപികമാരും നിറഞ്ഞ നഗരവീഥികളും ക്ഷേത്രമുറ്റങ്ങളും ഭക്തമനസുകളില്‍ ആനന്ദക്കാഴ്ചയൊരുക്കും.
അഷ്ടമിരോഹിണിക്ക് പ്രാധാന്യമുള്ള ഗുരുവായൂരില്‍ പതിനായിരങ്ങള്‍ ദർശനത്തിനെത്തും. ഇന്നലെ രാത്രി മുതല്‍ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹമായിരുന്നു. ക്ഷേത്രത്തില്‍ ഇന്ന് കാല്‍ലക്ഷം പേർക്ക് പിറന്നാള്‍ സദ്യ നല്‍കും. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും. ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ഇന്ന് സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ മഹാശോഭായാത്രകള്‍ നടക്കും.
ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ഏർപ്പെടുത്തിയിട്ടുള്ള ശോഭായാത്രയില്‍ നൂറുക്കണക്കിന് കൃഷ്ണവേഷങ്ങളും പൗരാണികവേഷങ്ങളും നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും ഗോപികാനൃത്തങ്ങളും അണിനിരക്കും. കൃഷ്ണന്റെയും രാധയുടെയും കംസന്റെയും യശോദയുടെയും ദേവകിയുടെയും വസുദേവരുടെയും വേഷമണിഞ്ഞ കുരുന്നുകൾ വീഥികളെ അമ്പാടിയാക്കും.
‘പുണ്യമീ മണ്ണ് പവിത്രമീ ജന്മം’ എന്ന സന്ദേശത്തിലൂന്നിയാണ് ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ഇത്തവണത്തെ ശ്രീകൃഷ്ണ ജയന്തി ദിനാഘോഷങ്ങള്‍ നടക്കുന്നത്. പ്രകൃതിയോടൊത്ത് പ്രകൃതിയെ സംരക്ഷിച്ച് വളർന്ന കണ്ണൻ രാഷ്ട്ര രക്ഷകനായി വളരുകയായിരുന്നു. ശ്രീകൃഷ്ണൻ വിശ്വരൂപം കാണിക്കുന്നത് മണ്ണുതിന്നുമ്ബോഴും മണ്ണിനു വേണ്ടി പൊരുതുമ്ബോഴുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചു കൊണ്ടാണ് ഈ വർഷത്തെ ജന്മാഷ്ടമി ധ്യേയവാക്യം ബാലഗോകുലം തെരഞ്ഞെടുത്തത്. കലാ സാഹിത്യ സാംസ്കാരിക നായകരും ബാലപ്രതിഭകളും വിവിധയിടങ്ങളിലെ ശോഭായാത്രകള്‍ ഉദ്ഘാടനം ചെയ്യും.
ശ്രാവണമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി തിഥിയാണ് ഉത്തരഭാരതത്തില്‍ ജന്മാഷ്ടമി. എന്നാല്‍ കേരളത്തിനിത് ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിയാണ്. കൃഷ്ണ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും പ്രാർത്ഥനയും നടക്കും. മഹാവിഷ്ണുവിന്റെ ഒമ്ബതാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ.