കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയുമായി കേരള പൊലീസ് സംഘം ഇന്ന് വിശാഖപട്ടണത്ത് നിന്ന് തിരിക്കും. വൈകിട്ട് 3:50 നുള്ള കന്യാകുമാരി വിവേക് എക്സ്പ്രസ്സിലായിരിക്കും പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിക്കുക. ഇന്നലെ വിശാഖപട്ടണത്തെത്തിയ സംഘം കുട്ടിയെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ സമയം കഴിഞ്ഞതിനാൽ ഇന്നലെ കുട്ടിയെ ഏറ്റുവാങ്ങിയില്ല.
ഞായറാഴ്ച രാത്രിയോടെ സംഘം തിരുവനന്തപുരത്ത് എത്തുമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്ത് എത്തിയാൽ കുട്ടിയുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കും. തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷമായിരിക്കും മാതാപിതാക്കൾക്ക് കുട്ടിയെ വിട്ടുനൽകുക.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിനുള്ള കുട്ടിക്ക്, അസമിലേക്ക് പോകണമെന്ന ആഗ്രഹമാണ് കഴിഞ്ഞ ദിവസം മലയാളി സമാജം പ്രവർത്തകരോട് കുട്ടി പങ്കുവെച്ചത്. അമ്മയോടൊപ്പം നിൽക്കാൻ താല്പര്യമില്ല. അമ്മ വീട്ടുജോലികൾ കൂടുതൽ ചെയ്യിക്കുന്നുവെന്നും കുട്ടി മലയാളി സമാജം പ്രവർത്തകരോട് പറഞ്ഞു. പഠിക്കാനാണ് കൂടുതൽ ഇഷ്ടം. അസമിൽ തിരികെ പോയി പഠിക്കണമെന്നാണ് ആഗ്രഹം. അസമിൽ അപ്പൂപ്പനും അമ്മൂമ്മയും തന്നെ പഠിപ്പിക്കുമെന്നും കുട്ടി പറഞ്ഞു. പ്രത്യേക അനുവാദം വാങ്ങി മലയാളി സമാജം പ്രവർത്തകർ കുട്ടിയെ കണ്ടപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം ഇതേ നിലപാട് ഇന്നും തുടർന്നാൽ മജിസ്ട്രേറ്റിൻ്റെ അനുമതി കൂടി തേടിയ ശേഷമാകും വിശാഖപട്ടണത്ത് നിന്ന് കേരള പൊലീസിനൊപ്പം കുട്ടിയെ വിടുന്നതിൽ തീരുമാനമെടുക്കുക