ചെറുതോണി: ആദിവാസി ജില്ലാ പട്ടികവർഗ ഓഫീസിനു മുന്നിൽ പ്രതിഷേധവുമായി ഓവുമൂപ്പന്മാർ. ഗുണനിലവാരമില്ലാത്ത ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ ജില്ലാ പട്ടികവർഗ ഓഫീസിനു മുന്നിൽ പ്രതിഷേധവുമായി മൂപ്പന്മാർ.
ഇടുക്കിയിലെ ആദിവാസി ഊരുകളിൽ മഴക്കാല ഭക്ഷ്യസഹായ പദ്ധതി പ്രകാരം പട്ടികവർഗ വികസന വകുപ്പ് വിതരണം ചെയ്‌ത 13 ഇനങ്ങൾ അടങ്ങുന്ന ഭക്ഷ്യകിറ്റ് ഉപയോഗയോഗ്യമല്ലാത്തവയായിരുന്നുവെന്ന് ആരോപിച്ചാണ് സമരം. കിറ്റിലെ വെളിച്ചെണ്ണ ഉപയോഗിച്ച് പാചകം ചെയ്ത ഭക്ഷണം കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്ന് റീജനൽ അനലറ്റിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ എണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന വിവരവും പുറത്തു വന്നിരുന്നു.
ഇന്നലെ രാവിലെ മിനി സിവിൽ സ്റ്റേഷനു മുന്നിൽ ഓവുമൂപ്പൻമാരുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പിന്നീടാണ് ഇവർ ഭക്ഷ്യവസ്തുക്കളുമായി ഐടിഡിപി ഓഫീസിൽ എത്തിയത്. നിലവാരം കുറഞ്ഞ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുക, ക്രമക്കേടിനെ കുറിച്ച് അന്വേഷണം നടത്തുക, ഭക്ഷ്യ വിഷബാധയേറ്റ് ചികിൽസ കഴിഞ്ഞവർക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ജില്ലയുടെ വിവിധ മേഖലകളിൽ നിന്നുള്ള ഊരുമൂപ്പൻമാരാണ് സമരത്തിൽ പങ്കെടുത്തത്. എണ്ണയിൽ പാകം ചെയ്ത ചക്കക്കുരുവും സമരക്കാർ കൊണ്ടു വന്നിരുന്നു.
തൊടുപുഴ താലൂക്കിലെ വെണ്ണിയാനി, മൂലക്കാട്, പൂച്ചപ്ര, കരിപ്പിലങ്ങാട് എന്നിവിടങ്ങളിൽ മഴക്കാല ഭക്ഷ്യ സഹായ പദ്ധതി പ്രകാരം പട്ടികവർഗ വികസന വകുപ്പ് ഗുണനിലവാരമില്ലാത്ത ഭക്ഷ്യോത്പന്നങ്ങൾ വിതരണം ചെയ്തു. കിറ്റിൽ നിന്നുള്ള എണ്ണയിൽ പാചകം ചെയ്ത ഭക്ഷണം കഴിച്ച ഒന്നര വയസുള്ള കുഞ്ഞിനുൾപ്പെടെ അറുപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി, പട്ടികവർഗ വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
ഇതോടെ ആദിവാസി സംഘടനകൾ സമരവുമായി രംഗത്തെത്തി. എന്നാൽ സംഭവത്തിൽ ഇതുവരെ അന്വേഷണം നടത്താൻ തയ്യാറായിട്ടില്ല. സബ് കളക്ടർ ഹിയറിംഗിനു വിളിച്ച സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും സമരക്കാർ പിരിഞ്ഞു പോകാൻ തയ്യാറായില്ല.
ഒടുവിൽ ഏറെ സമയത്തെ ചർച്ചയ്ക്കൊടുവിൽ ഐടിഡിപി ഓഫീസിൽ നിന്നും ഡിവൈഎസ്പി ഓഫീസിലേക്ക് സംഭവം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. റിപ്പോർട്ട് ലഭിച്ചാൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുമെന്നും സമരക്കാരെ അറിയിച്ചു. ഇതേ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധക്കൂട്ടം നടത്തിയ സംസ്ഥാന പ്രസിഡൻറ് എം.പാൽരാജ് ഉദ്ഘാടനം ചെയ്തു. പീരുമേട് ഓവുരുമൂപ്പൻ രാഘവൻ അധ്യക്ഷത വഹിച്ചു. എം.ഐ.ശശി, പി.എ.മോഹനൻ, ടി.ടി.മനോജ്, ശ്രീജിത്ത് ഒളിയറയ്ക്കൽ, കെ.എസ്.ഷാജി എന്നിവർ പ്രസംഗിച്ചു.
ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് സമരക്കാർ
ആദിവാസി ഊരുകളിൽ വർഷത്തിൽ മൂന്നു തവണയാണ് മഴക്കാല ഭക്ഷ്യ സഹായ പദ്ധതി പ്രകാരം ഭക്ഷ്യോത്പന്നങ്ങൾ വിതരണം ചെയ്യുന്നത്. ഐടിഡിപി വകുപ്പ് എസ്സി-എസ്ടി ഫെഡറേഷനാണ് ക്വട്ടേഷൻ കൊടുക്കുന്നത്. ഇവരാണ് സ്വകാര്യ ഏജൻസികൾക്ക് കരാർ. ഇവർ ട്രൈബൽ ഓഫീസർമാർ, ഊരുമൂപ്പൻമാർ എന്നിവർ മുഖേന ആദിവാസി കുടുംബങ്ങളിൽ ഭക്ഷ്യസാധനങ്ങൾ എത്തിക്കും.
നേരത്തെ ത്രിവേണി ഉൽപ്പന്നങ്ങൾ വിതരണം ചെയ്ത സ്ഥാനത്താണ് പിന്നീട് സ്വകാര്യ കന്പനികളുടെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത്. ഇവയിൽ പലതും തട്ടിക്കൂട്ട് കൺപനികളാണെന്നാണ് സമരക്കാർ പറയുന്നത്. 2018ൽ ഭക്ഷ്യവകുപ്പ് നിരോധിച്ച കേരസുഗന്ധി, കേരശക്തി എന്നീ പേരുകളിലുള്ള വെളിച്ചെണ്ണയാണ് കിറ്റിൽ ഉണ്ടായിരുന്നത്. ചെറുപയറും കടലയും ഗുണനിലവാരമില്ലാത്തതായിരുന്നു. 11 രൂപ വിലയുള്ള സോപ്പിൽ ലേബൽ മാറ്റി 25 രൂപയാക്കിയാണ് വിതരണം ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ വ്യാപക ക്രമക്കേട് നടന്നതിനാൽ ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്നാണ് സമരക്കാർ ആരോപിക്കുന്നത്.