കൊച്ചി : മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശനങ്ങൾ സംബന്ധിച്ച് സമർപ്പിച്ച ഹേമ കമ്മീഷൻ റിപ്പോർട്ടിൻ്റെ പൂർണ രൂപം മുദ്ര വെച്ച കവറിൽ ഹാജരാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്.
സെപ്റ്റംബർ 10ന് കോടതിയിൽ റിപ്പോർട്ട് ഹാജരാക്കാനാണ് കോടതി നിർദ്ദേശം. കേസ് എടുക്കുന്നത് സംബന്ധിച്ച് സർക്കർ വിശദമായ സത്യവാങ്മൂലം നൽകണം എന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ആക്ടിങ് ചീഫ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. വ്യക്തിപരമായ പരാമർശങ്ങൾ ഉൾപ്പെട്ട ഭാഗങ്ങൾ ഒഴിവാക്കിയാണ് നിലവിൽ സർക്കാർ റിപ്പോർട്ട് പുറത്തു വിട്ടത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ എന്ത് നടപടി സ്വീകരിക്കുമെന്ന് കോടതി ചോദിച്ചു. റിപ്പോർട്ടിൽ പരാമർശിച്ച ലൈംഗിക പീഡന പരാതികൾ പഠിക്കാൻ അന്വേഷണ സമിതിയെ നിയോഗിക്കാൻ സാധിക്കുമോ എന്നും കോടതി സർക്കാരിനോട് ചോദിച്ചു. അതെ സമയം മൊഴികൾ നൽകിയവർ ഇതുവരെ പരതി നൽകാത്തത് കൊണ്ടാണ് കേസെടുക്കാത്തതെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ കോടതിയിൽ പറഞ്ഞു.