വയനാട് പുനരധിവാസം ലോകോത്തരമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരന്തത്തിൽ വേദനിക്കാത്ത ആരുമില്ല എന്നും നമ്മുടെ നാടിൻ്റെ പ്രത്യേകതയാണ് കേരളത്തിന് പുറത്തുള്ളവർ ശ്രദ്ധിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ഭേദചിന്തയുമില്ലാതെയാണ് കേരളം ദുരന്തത്തെ നേരിട്ടത്.ചില അപശബ്ദങ്ങൾ ഉണ്ടായത് ആരും മുഖവിലയ്ക്കെടുത്തില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
‘വയനാട് പുനരധിവാസത്തിൽ കേന്ദ്രത്തിൽ നിന്ന് സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. നേരത്തെയുണ്ടായ ദുരന്തങ്ങളിൽ വേണ്ട സഹായം ലഭിച്ചില്ല. കേന്ദ്ര ബജറ്റ് ഫെഡറൽ തത്വത്തിന് എതിരായിരുന്നു. ആന്ധ്ര ഒഴികെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഒന്നും ലഭിച്ചില്ല. രാജ്യത്തിൻ്റെ ആകെ പണമാണ് വീതിക്കുന്നത്.
കേരളത്തെ ഇത്ര മാത്രം അവഗണിച്ച ഒരു ബജറ്റും മുൻപ് കണ്ടിട്ടില്ല. ദേശീയ പാത വികസത്തിന് കേരളം അങ്ങോട്ട് പണം നൽകേണ്ടി വന്നു. കേരളത്തോട് ക്രൂരമായ അവഗണനയാണ് കേന്ദ്രം തുടരുന്നത്. ബജറ്റിൽ കേരളത്തിലെ റെയിൽവേ വികസനത്തിന് ഒന്നും മാറ്റി വച്ചില്ല. നാമമാത്രമായ തുക മാറ്റിവച്ച് കേരളത്തെ പരിഹസിക്കുകയാണ് ചെയ്തത്. ആരോഗ്യരംഗത്ത് ഒന്നാമതുള്ള കേരളത്തിന് എയിംസ് ഇല്ല. തീരദേശ പാക്കേജ് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. കേരളത്തിലെ ജീവിതം പ്രയാസത്തിലാക്കുകയാണ് കേന്ദ്രത്തിൻ്റെ ഉദ്ദേശം’ – മുഖ്യമന്ത്രിപറഞ്ഞു