അതിനൂതന ഹൃദയ ശസ്ത്രക്രിയകള്‍ വിജയം കണ്ടു; ഹൃദയ ശസ്ത്രക്രിയയില്‍ അഭിമാന നേട്ടവുമായി കോട്ടയം മെഡിക്കല്‍ കോളേജ് രക്ത
ക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയാ മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോതൊറാസിക് ആന്റ് വാസ്കുലാര്‍ സര്‍ജറി വിഭാഗം. അതിസങ്കീര്‍ണങ്ങളായ ഓഫ് പമ്പ് സബ് മൈട്രല്‍ അന്യൂറിസം, സബ്ക്ലേവിയന്‍ അര്‍ട്ടറി അന്യൂറിസം ശസ്ത്രക്രിയകളാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. നിലവിലെ ചികിത്സാ രീതിയില്‍ നിന്നും വ്യത്യസ്ഥമായി രോഗികളുടെ സുരക്ഷയും ചികിത്സയുടെ ഫലപ്രാപ്തിയും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും ഈ നൂതന രീതികളിലൂടെ സാധിക്കും. ഈ പുതിയ ശസ്ത്രക്രിയാ രീതികളുടെ അംഗീകാരമായി അന്നല്‍സ് ഓഫ് തൊറാസിക് സര്‍ജറി, കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്ക്കുലാര്‍ ടെക്നിക്സ് എന്നീ അന്താരാഷ്ട്ര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
ഹൃദയ ശസ്ത്രക്രിയാ രംഗത്ത് വലിയ മുന്നേറ്റം നടത്തുന്ന കോട്ടയം മെഡിക്കല്‍ കോളേജിലെ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന വീക്കമാണ് അന്യൂറിസം. സങ്കീര്‍ണമായ അവസ്ഥകളില്‍ ഈ രക്തക്കുഴല്‍ വീര്‍ത്ത് പൊട്ടി മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം സങ്കീര്‍ണമായ അവസ്ഥകളില്‍ ഫലപ്രദമായ നൂതന ശസ്ത്രക്രിയാ രീതികളാണ് കോട്ടയം മെഡിക്കല്‍ കോളേജ് വിജയിപ്പിച്ചത്. അപൂര്‍വമായി ഹൃദയത്തിനുണ്ടാകുന്ന സങ്കീര്‍ണമായ അവസ്ഥയായ സബ് മൈട്രല്‍ അന്യൂറിസത്തിന്റെ ചികിത്സയ്ക്കായി ഓഫ് പമ്പ് സബ് മൈട്രല്‍ അന്യൂറിസം ശസ്ത്രക്രിയയാണ് നടത്തിയത്.