കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നാളെ അമേരിക്ക സന്ദർശിക്കും. നാളെ മുതൽ നാലുദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തോടനുബന്ധിച്ച് യു.എസ്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെക്ക് സള്ളിവൻ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
31 എം.ക്യു-9ബി പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങാനുള്ള ഇന്ത്യയുടെ പദ്ധതി രാജ് നാഥ് കൂടിക്കാഴ്ചയിൽ ഉന്നയിക്കും. പ്രതിരോധ മേഖലയിലെ തദ്ദേശീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ഭേദഗതികളോടെയാണ് ഇന്ത്യൻ ഡിഫൻസ് അക്വസിഷൻ കൗൺസിൽ ഡ്രോണുകൾ വാങ്ങാനുള്ള അനുമതി നൽകിയിരിക്കുന്നത്. സ്‌ട്രൈക്കർ ഇൻഫൻട്രി കോംബാറ്റ് വാഹനങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ചേർന്ന് പരിഗണിക്കുന്ന നിർദിഷ്ട പദ്ധതിക്കുപുറമെ ഇന്ത്യയിൽ ജി.ഐ. എഫ് 414 ജെറ്റ് എൻജിനുകൾ നിർമ്മിക്കുന്നത് സംബന്ധിച്ച പദ്ധതിയും ഓസ്റ്റിനുമായി നടക്കുന്ന ചർച്ചയിൽ വിഷയമാവുമെന്ന് പ്രതിരോധ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇന്ത്യയുടെ പുതുതലമുറ യുദ്ധ വിമാനങ്ങൾക്ക് ജി.ഐ.എഫ്.414 ജെറ്റ് എൻജിനുകൾ കരുത്തുപകരുമെന്നാണ് കരുതുന്നത്. മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരമേറ്റ ശേഷം ഇതാദ്യമായാണ് രാജ്‌നാഥ് സിങ് അമേരിക്ക സന്ദർശിക്കുന്നത്.