ആന്ധ്രപ്രദേശിലെ അനകപ്പള്ളിയിൽ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചു. സ്ഫോടനത്തിൽ ഫാക്ടറിയിലെ 33 ജീവനക്കാർക്ക് ഗുരുതരമായി പരിക്കേറ്റു. കമ്പനിയിലെ ഉച്ചഭക്ഷണ സമയത്താണ് സ്ഫോടനമുണ്ടായത്. ആന്ധ്രപ്രദേശിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ എസിയൻഷ്യയിലാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനം ഉണ്ടായ നിമിഷങ്ങൾക്കകം തന്നെ പരിസരപ്രദേശങ്ങളിൽ മുഴുവൻ കനത്ത പുക ഉയർന്നു. കമ്പനിയിൽ സ്ഥാപിച്ച റിയാക്ടറിൻ്റെ സമീപത്താണ് സ്ഫോടനമുണ്ടായതെന്നും റിയാക്ടറിന് തകരാർ സംഭവിച്ചിട്ടില്ലെന്നും അനകപ്പള്ളി എസ് പി ദീപിക അറിയിച്ചു. എന്നാൽ സ്ഫോടനത്തിൻ്റെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ലെന്ന് എസ് പി വ്യക്തമാക്കി. സ്ഫോടനത്തിന് കാരണമായത് എന്താണെന്ന് വിശദമായി അന്വേഷിച്ച് വരികയാണെന്നും എസ് പി അറിയിച്ചു.
അപകടസമയം കമ്പനിയിൽ ഉച്ചഭക്ഷണ സമയമായതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്. ആ സമയം ഷിഫ്റ്റിൽ 391 ജീവനക്കാരാണ് ജോലിക്കുണ്ടായിരുന്നത്. എന്നാൽ ഇടവേള സമയമായതിനാൽ ഫാക്ടറിക്ക് അകത്ത് ജോലിക്കാർ കുറവായത് കൊണ്ട് വലിയ ദുരന്തം ഒഴിവായി