പി ജി ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ പ്രതിസ്ഥാനത്തുനിൽക്കുന്ന കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രി മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി മുൻ ഡെപ്യൂട്ടി സൂപ്രണ്ട് രംഗത്ത്. അവകാശികളില്ലാത്ത മൃതദേഹങ്ങൾ ഘോഷ് കച്ചവടം നടത്തിയിരുന്നതായും സ്വന്തം സുരക്ഷാസംഘത്തിൽപ്പെട്ടവരുമായി ചേർന്ന് ബയോമെഡിക്കൽ മാലിന്യം ബംഗ്ലാദേശിലേയ്‌ക്ക് കടത്താറുണ്ടായിരുന്നുവെന്നും മുൻ ഡെപ്യൂട്ടി സൂപ്രണ്ട് അഖ്‌തർ അലി വെളിപ്പെടുത്തി.
ഘോഷിന്റെ സുരക്ഷാ സംഘത്തിലുള്ളയാളാണ് കൊലപാതകക്കേസിലെ പ്രതിയായ സജ്ഞയ് റോയ്. 2023ൽ ഡെപ്യൂട്ടി സൂപ്രണ്ടായി ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ അഖ്‌തർ അലിയെ, സന്ദീപ് ഘോഷിനെതിരായ അന്വേഷണ റിപ്പോർട്ട് ആരോഗ്യവകുപ്പിന് നൽകിയ അതേ ദിവസം സ്ഥലം മാറ്റുകയായിരുന്നു. ആരോഗ്യവകുപ്പും മുഖ്യമന്ത്രി മമത ബാനർജിയാണ് കൈകാര്യം ചെയ്യുന്നത്.
മാഫിയ സംഘം പ്രവർത്തിച്ചിരുന്നത് പോലെയാണ് ഘോഷും കൂട്ടാളികളും പ്രവർത്തിച്ചിരുന്നതെന്ന് ഘോഷിന്റെ സഹപാഠികൂടിയായിരുന്ന അലി പറഞ്ഞു. മെഡിക്കൽ കോളേജിലെ പ്രവൃത്തികളുടെ എല്ലാ ടെൻഡറുകൾക്കും ഘോഷ് 20 ശതമാനം കമീഷൻ ഈടാക്കും. ടെൻഡറുകൾ അടുത്ത അനുയായികളായ സുമൻ ഹസ്രയ്ക്കും ബിപ്ലബ് സിംഹയ്ക്കും മാത്രമാണ് നൽകിയിരുന്നത്. ഇവർക്ക് 12 കമ്പനികളുണ്ട്.
മുൻകൂർ പണം വാങ്ങിയശേഷം ടെൻഡർ നൽകുന്നതായിരുന്നു ഘോഷിന്റെ രീതി. പരീക്ഷ ജയിപ്പിക്കാൻ വിദ്യാർഥികളിൽ നിന്നും കൈക്കൂലി വാങ്ങി. ഇതിനായി മനഃപ്പൂർവ്വം വിദ്യാർഥികളെ തോൽപ്പിക്കും. ഗസ്‌റ്റ് ഹൗസിൽ വിദ്യാർഥികൾക്കായി മദ്യം വിളമ്പി. ഘോഷിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച് സംസ്ഥാന വിജിലൻസ് കമീഷനിൽ പരാതിപ്പെട്ടിരുന്നു.
ഇയാൾക്കെതിരെയുള്ള അന്വേഷണ സമിതിയിലും അംഗമായിരുന്നുവെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും നടപടി മാത്രം ഉണ്ടായില്ലന്നും അഖ്‌തർ അലി വെളിപ്പെടുത്തി. ഉന്നതരുമായി അടുത്ത ബന്ധമാണ് ഇയാൾക്കുള്ളത്. ഘോഷിനെ ഉടൻ കസ്‌റ്റഡിയിൽ എടുക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.