ആര്‍ജി കര് മെഡിക്കല്‍ കോളജില്‍ യുവ വനിത ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിന് പിന്നാലെ, പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവച്ച ഡോ. സന്ദീപ്ഘോഷിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മുന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട്. അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ വില്‍പ്പന നടത്തി എന്നതുള്‍പ്പെടെ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടതായും അക്തര്‍ അലി പറഞ്ഞു. ബയോമെഡിക്കല്‍ മാലിന്യങ്ങളും മരുന്നുകളും ബംഗ്ലാദേശിലേക്ക് കടത്തിയിട്ടുണ്ടെന്നും അക്തര്‍ പറഞ്ഞു. അവകാശികളില്ലാത്ത മൃതദേഹങ്ങളും പ്രിന്‍സിപ്പാള്‍ കടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.സന്ദീപ് ഘോഷിന്റെ സുരക്ഷയുടെ ഭാഗമായി പ്രവര്‍ത്തിച്ചയാളാണ് കേസില മുഖ്യപ്രതി സഞ്ജയ് റോയ് എന്നും അക്തര്‍ അലി ആരോപിച്ചു. പ്രിന്‍സിപ്പലിന്റെ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസ്ഥാന വിജിലന്‍സ് കമ്മീഷനെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം സംഭവത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി മമത ബാനര്‍ജിക്കാണെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തി. മമത ബാനര്‍ജി എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.മമത ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ട് അധ്യക്ഷന്‍ സുകന്ദ മജുംദാറിന്റെ നേതൃത്വത്തില്‍ ബിജെപിയും പ്രതിഷേധം സംഘടിപ്പിച്ചു. മമതയുടെ രാജിയാണ് തങ്ങളുടെ ആവശ്യമെന്നും പ്രതിഷേധം സെപ്റ്റംബര്‍ അഞ്ച് വരെ നീളുമെന്നും അദ്ദേഹം പറഞ്ഞു.