കാലടി: അന്തർദേശീയ തീർത്ഥാടന കേന്ദ്രവും പ്രശസ്ത ടുറിസം സെൻ്റ്ററുമായ മലയാറ്റൂരിനെ സ്വാധീനിക്കുന്ന കാലടി-മലയാറ്റൂർ റോഡിൻ്റെ അറ്റകുറ്റപ്പണികൾ യഥാസമയം പൂർത്തീകരിക്കാത്തത് മൂലം റോഡിൽ വലിയ കുഴികൾ രൂപപ്പെട്ട് യാത്രചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. എസ്ഐ ആർ എഫ് കേന്ദ്ര ഫണ്ടിൽ നിന്ന് 22.75 കോടി രൂപ അനുവദിച്ചിട്ടും രണ്ട് വർഷമായിട്ടും ഉദ്യോഗസ്ഥരുടെ അലവൻസ് മൂലം റോഡിൻ്റെ വർക്ക് ഇതുവരെ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന പരാതി ശക്തമാകുകയാണ്.
പി.ഡബ്ല്യു.ഡി റോഡാണെങ്കിലും സി.ഐ.ആർ.എഫ് ഫണ്ട് ഉപയോഗിച്ചുള്ള റോഡ് കോൺട്രാക്റ്റ് പി.ഡബ്ല്യു.ഡി നാഷണൽ ഹൈവെ അതോറിറ്റിക്ക് ഒരു വർഷം മുമ്പ് നൽകിയതിനാൽ നിലവിലെ റോഡിൻ്റെ അറ്റകുറ്റപ്പണി പി.ഡബ്ല്യു.ഡി ഏറ്റെടുക്കുന്നില്ല. നാഷണൽ ഹൈവേ അതോറിറ്റിയും കൈ ഒഴിയുകയാണെന്ന് നാട്ടുകാർ പറയുന്നു. ദിവസേന നിരവധി അപകടങ്ങളാണ് റോഡിലെ വലിയ കുഴികൾ മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ റോഡിലൂടെ നിരവധി സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളും സ്കൂൾ ബസുകളും വഴിയാത്രക്കാരും വെള്ളം കെട്ടി കിടക്കുന്ന കുഴികളിൽ വീണ് അപകടത്തിൽ പെടുന്നു.
കാലടി മേഖലയിൽ നിത്യവും ഉണ്ടായിക്കൊണ്ടിരിക്കുന്ന നീണ്ട ബ്ളോക്ക് ഒഴിവാക്കി യാത്ര ചെയ്യാൻ കാലടിയിൽ നിന്ന് തിരിഞ്ഞ് കോതമംഗലം, മൂന്നാർ, മുവാറ്റുപുഴ നഗരത്തിലേക്ക് സഞ്ചരിക്കുന്നവർ ഈ റോഡാണ് തിരഞ്ഞെടുക്കുന്നത്. കോടനാട് പാലം വന്നതോടെ മലയാറ്റൂർ റോഡ് വഴിയുള്ള വാഹനങ്ങളുടെ സഞ്ചാരം വർധിച്ചുവരികയാണ്. പരാതികൾ ഫോട്ടോസ് സഹിതം സമർപ്പിച്ചിട്ടും ഒരു നടപടി ഉണ്ടാകാത്തതിനാൽ എ ഐ വൈ എഫ് മലയാറ്റൂർ മേഖല കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകിയതായി പ്രസിഡൻ്റ് ദീപക്ക് മലയാറ്റൂർ പറഞ്ഞു.