സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കുമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും വിശദമായ ചർച്ചയാണ് ആവശ്യമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ആണവനിലയം സ്ഥാപിക്കുന്നത് നയപരമായെടുക്കേണ്ട തീരുമാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നേരത്തെ പവർകട്ടുണ്ടാകില്ലെന്ന ഉറപ്പ് ലംഘിച്ചുവെന്നും അപ്രഖ്യാപിത പവർകട്ടുണ്ടായെന്നും ഇടത് സർക്കാരിനെതിരെ ആക്ഷേപമുയർന്നിരുന്നു. എന്നാൽ സംസ്ഥാനത്ത് പവർകട്ട് ഉണ്ടായിട്ടില്ലെന്നും കേന്ദ്രവിഹിതം കുറഞ്ഞതും വൈദ്യുതി എക്സ്ചേഞ്ചിലെ പ്രതിസന്ധിയും മൂലം ചിലദിവസങ്ങളിൽ ഉപഭോക്താക്കളുടെ സഹകരണത്തോടെ നിയന്ത്രണം ഏർപ്പെടുത്തുക മാത്രമാണുണ്ടായതെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞിരുന്നു.