കൊച്ചി: രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമായി ബുക്ക് സ്റ്റാൻഡർ. എറണാകുളം ജനറൽ ആശുപത്രിയിലെ കുഞ്ഞു ലൈബ്രറിയാണ് രോഗികൾക്ക് വിരസതയിൽ ആശ്വാസം പകരുന്നത്. കൂടുതൽക്കാലം ആശുപത്രിയിൽ ചിലവഴിക്കെണ്ടുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഉദ്ദേശിച്ചാണ് ഇത്തരം ഒരു ലൈബ്രറി ആരംഭിച്ചത്.
എറണാകുളം പബ്ലിക് ലൈബ്രറിയും ജനറൽ ആശുപത്രിയും സംയുക്തമായി ചേർന്നാണ് ബുക്ക് സ്റ്റാൻഡേർ, ലൈബ്രറി ആന്റ് റീഡിങ് കോർണർ ആരംഭിച്ചത്. വായന മരുന്നായി മാറുന്നു എന്ന മുദ്രാവാക്യം മുന്നോട്ട് വെച്ചാണ് ബുക്ക് അനതർ ബൈസ്റ്റാൻഡർ എന്ന പദ്ധതി തുടങ്ങിയത്. മലയാളത്തിലെ പ്രിയപ്പെട്ട എല്ലാ എഴുത്തുകാരുടെയും പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.
രജിസ്റ്ററിൽ സ്വയം പേര് രേഖപെടുത്തി പുസ്തകൾ എടുക്കുകയും തിരിച്ചുവെക്കാനുമുള്ള വിധത്തിലാണ് ക്രമികരിച്ചിരിക്കുന്നത്. അതോടൊപ്പം ഉപയോഗിച്ച പുസ്തകങ്ങൾ അണു വിമുക്തമാക്കാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.