പുത്തൻ പ്രതീക്ഷകളുമായി വീണ്ടുമൊരു മലയാള പുതുവർഷം പിറന്നു. സമ്പൽസമൃതിയുടെയും ഉത്സവകാലത്തിന്റെയും തുടക്കം കൂടിയാണ് ചിങ്ങം ഒന്ന്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ദുരിതം നിറഞ്ഞ കർക്കടകമാസത്തിലെ കറുത്ത കാർമേഘങ്ങൾ നീങ്ങി മലയാളികൾ പൊന്നിൻ ചിങ്ങത്തെ വരവേൽക്കുകയാണ്. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം.
കേരളത്തെ സംബന്ധിച്ച നമ്മുടെ ശ്രേഷ്ഠമായ കാർഷിക പാരമ്പര്യത്തെ ആഘോഷമാക്കുന്നതിനുള്ള കർഷകദിനം കൂടെയാണ് ഇന്ന്. ഓരോ കർഷകനും പ്രത്യാശയുടെയും പ്രതീക്ഷയുടെയും പൊന്നിൻ പുലരി. പാടം നിറയെ വിളഞ്ഞുകിടക്കുന്ന സ്വർണ പ്രതീക്ഷകളെ കൊയ്തെടുത്ത് കറ്റമെതിക്കുന്ന കൊയ്‌ത്തു കാലം കൂടിയാണ് ചിങ്ങം. കൂടാതെ മറ്റൊരു സവിശേഷതയും ഈ പുതുവർഷത്തിനുണ്ട്. 1199 കൊല്ലവർഷം കഴിഞ്ഞ് 1200 കൊല്ലവർഷത്തേക്ക് കടക്കുകയാണ്. അതായത് മലയാളം കലണ്ടർ പ്രകാരം ഒരു പുതിയ വർഷാരംഭം. പുതിയ നൂറ്റാണ്ട് പിറന്നു എന്ന് പലരും ആശംസിക്കുന്നുണ്ട്.
ചിങ്ങം പിറക്കുന്നത് ഓണക്കാലത്തിന്റെ സമത്വ സുന്ദരമായ സ്മരണയിലേക്കാണ്. മാലോകരെല്ലാരുമൊന്നുപോലെ വാണ നല്ല നാളിന്റെ ഓര്‍മയുമായി ഓണപ്പുലരി കടന്നെത്തുന്നു. ഓണത്തെ വരവേല്‍ക്കാനെന്ന വണ്ണം മണ്ണും മനസ്സും വര്‍ണാഭമാവുന്നു.