ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് നിലമ്പൂർ മേഖലയിലെ തിരച്ചിൽ തുടരുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. വ്യാഴാഴ്‌ച കലക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും വിവിധ സേനകളുടെയും അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ സേനകളുടെ നേതൃത്വത്തിൽ കുറ്റമറ്റ വിധത്തിലാണ് തിരച്ചിൽ നടക്കുന്നത്.
ഉരുൾപൊട്ടലിൽ ഒഴുകിവന്ന മണ്ണ് അടിഞ്ഞുകിടക്കുന്ന ഭാഗങ്ങൾ കേന്ദ്രീകരിച്ചായിരിക്കും കൂടുതലായി തിരച്ചിൽ. ഉൾവനത്തിലെ പാറയുടെ അരികുകളിലും പരിശോധന നടത്തും. കടാവർ നായകളെ ഉപയോഗിച്ചും തിരച്ചിൽ നടത്തും. ഇരുട്ടുകുത്തിമുതൽ പരപ്പൻപാറവരെയുള്ള ഭാഗത്താണ് കൂടുതൽ തിരച്ചിൽ ആവശ്യമുള്ളതെന്നും മന്ത്രി പറഞ്ഞു.ഒറ്റയ്‌ക്ക് തിരച്ചിലിന് പോകരുത്
മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തുന്നതിനായി ഉൾവനത്തിൽ സന്നദ്ധ പ്രവർത്തകർ ഒറ്റയ്‌ക്ക് തിരച്ചിലിന് പോകരുതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഉൾവനത്തിൽ ഒറ്റയ്‌ക്ക് പോവുന്നത് അപകടങ്ങൾക്ക് കാരണമാകും. ഉൾവനത്തിൽ തിരച്ചിൽ വേണമെന്നുണ്ടെങ്കിൽ ജില്ലാ ഭരണ സംവിധാനത്തെ അറിയിക്കണം. ദൗത്യസേനാംഗങ്ങളുടെ അകമ്പടിയോടെ ഇവിടങ്ങളിൽ തിരച്ചിൽ നടത്താം.
മൊബൈൽ സിഗ്നൽപോലുമില്ലാത്ത ഉൾവനത്തിൽ അകപ്പെട്ടാൽ പുറംലോകം അറിയണമെന്നില്ല. എയർ ലിഫ്റ്റിങ് പോലും അസാധ്യമായേക്കാം. 30വരെ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുണ്ട്. രക്ഷാപ്രവർത്തനത്തിൽ സന്നദ്ധ പ്രവർത്തകർ കാണിക്കുന്ന പിന്തുണ അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.