രാജ്യത്തില്‍ ഏക സിവില്‍കോഡ് നടപ്പിലാക്കുമെന്ന സൂചന നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി. 78-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.മതാധിഷ്ഠിത സിവില്‍കോഡ് അല്ല, മതേതര സിവില്‍ കോഡാണ് കാലത്തിന്റെ ആവശ്യം. വിവേചനം അവസാനിപ്പിക്കാന്‍ മതേതര സിവില്‍കോഡ് അനിവാര്യമാണ്. രാജ്യത്തെ വിഭജിക്കുന്ന നിയമങ്ങള്‍ക്ക് ആധുനിക സമൂഹത്തില്‍ സ്ഥാനമില്ലെന്നും നരേന്ദ്രമോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞു.
ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് സുപ്രീം കോടതി ആവര്‍ത്തിച്ച് ചര്‍ച്ചകള്‍ നടത്തി, ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തെ വലിയൊരു വിഭാഗം നിലവിലെ സിവില്‍ കോഡ് സാമുദായിക സിവില്‍ കോഡാണെന്നും വിവേചനപരമായ സിവില്‍ കോഡാണെന്നും കരുതുന്നു. ഭരണഘടന നമ്മോട് പറയുന്നത്, ഭരണഘടനാ ശിൽപികളുടെ സ്വപ്നമായിരുന്നു അതെന്നാണ്. അതുകൊണ്ടുതന്നെ അത് നിറവേറ്റേണ്ടത് നമ്മുടെ കടമയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.