പശ്ചിമബംഗാളിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആർജികർ മെഡിക്കൽ കോളേജിൽ വൻ സംഘർഷം. ഒരു സംഘം മെഡിക്കൽ കോളേജ് അടിച്ചു തകർത്തു. പുറത്തുനിന്നെത്തിയവരാണ് ആക്രമണം നടത്തിയത്. ആശുപത്രി പരിസരത്ത വാഹനങ്ങളും പുറത്ത് നിന്ന് എത്തിയ സംഘം അടിച്ച് തകർത്തു. പൊലീസിന് നേരെയും സമരം ചെയ്യുന്ന ഡോക്ടർമാർക്ക് നേരെയും ആക്രമണമുണ്ടായി.തെറ്റായ മാധ്യമ പ്രചാരണമാണ് ഈ സാഹചര്യത്തിന് കാരണമെന്ന് കൊൽക്കത്ത പൊലീസ് കമ്മീഷണർ പ്രതികരിച്ചു. അതേസമയം കേസിൽ സിബിഐ അന്വേഷണം തുടരുകയാണ്. കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഗവർണർ സി വി ആനന്ദ ബോസ് വൈസ് ചാൻസലർമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സർവകലാശാലകൾ വനിതാ വിദ്യാർത്ഥികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഗവർണർ നിർദേശിച്ചു. ബംഗാൾ പോലീസ് പൂർണ പരാജയമാണെന്നും, സംഭവം ബംഗാളിനും ഇന്ത്യക്കും നാണക്കേടാണെന്നും ഗവർണർ വിമർശിച്ചു. പ്രതിഷേധിക്കുന്ന ഡോക്ടർമാരുമായി ഗവർണർ ഇന്ന് കൂടിക്കാഴ്ച നടത്തും.