പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയുടെ (ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ്) മുന്‍ മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഫായിസ് ഹമീദിനെ സൈന്യം അറസ്റ്റ് ചെയ്തു.സുപ്രീം കോടതി നിര്‍ദേശപ്രകാരം വിശദമായ അന്വേഷണത്തിന് ശേഷമാണ് അറസ്റ്റ് ചെയ്തതെന്നും കോര്‍ട്ട് മാര്‍ഷല്‍ നടപടികള്‍ ആരംഭിച്ചതായും സൈന്യം വ്യക്തമാക്കി.സ്വകാര്യ ഹൗസിങ് സ്‌കീമായ ടോപ്പ് സിറ്റിയുടെ മാനേജ്‌മെന്റിന്റെ പരാതിയിലാണ് നടപടി. ഉടമ മോയീസ് ഖാന്റെ ഓഫീസുകളിലും വസതികളിലും പാകിസ്താന്‍ റേഞ്ചേഴ്‌സും ഐ.എസ്.ഐ. ഉദ്യോഗസ്ഥരും നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. തീവ്രവാദ ആരോപണവുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ സ്വര്‍ണം, വജ്രാഭരണങ്ങള്‍, പണം തുടങ്ങിയവ പിടിച്ചെടുത്തതായാണ് പരാതി.2019 ജൂണ്‍ മുതല്‍ 2021 ഒക്ടോബര്‍ വരെയാണ് ലെഫ്റ്റനന്റ് ജനറല്‍ ഫായിസ് ഹമീദ് ഐ.എസ്.ഐ. മേധാവിയായിരുന്നത്. അന്നത്തെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് വളരെ അടുപ്പം പുലര്‍ത്തിയിരുന്ന ഹമീദിനെ അടുത്ത പാകിസ്താന്‍ സൈനിക മേധാവിയായി നിയമിക്കാന്‍ ഇമ്രാന്‍ ഖാന്‍ ആഗ്രഹിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.