വിദേശത്ത് നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ട് പോയ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ. പൂന്തുറ ഭാഗത്ത് നിന്നാണ് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഓട്ടോറിക്ഷയിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് കാറിലെത്തിയ സംഘം തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ട് പോകലിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘത്തിന് ബന്ധമുണ്ടോ എന്നാണ് പൊലീസിന്റെ സംശയം.
യാത്രക്കാരൻ ആരാണെന്ന് ഇനിയും വ്യക്തമല്ല. ഓട്ടോ ഡ്രൈവറാണ് യാത്രക്കാരനെ തട്ടിക്കൊണ്ട് പോയ കാര്യം പൊലീസിനെ അറിയിച്ചത്. വെള്ള സ്വിഫ്റ്റ് കാറിലാണ് അക്രമി സംഘം വന്നതെന്ന് തിരിച്ചറിഞ്ഞു. വെങ്ങാനൂർ സ്വദേശിയുടെ പേരിലുള്ളതാണ് കാർ. കാർ വാടകക്കെടുത്തതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.