പാറശ്ശാല: പാറശ്ശാല സ്വദേശിയും പ്ലസ് വൺ വിദ്യാർത്ഥിയുമായ അക്ഷയ് വി സംസ്ഥാനത്തെ മികച്ച കർഷക വിദ്യാർത്ഥി അവാർഡ് നേടി.കാർഷികവൃത്തിയ്ക്കൊപ്പം പഠനത്തിലും അക്ഷയ് ഫുൾ എ പ്ലസ് ആണ്. പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് വിജയിച്ചത്.പാറശ്ശാല ഗ്രാമ പഞ്ചായത്തിലെ ചെറുവാരക്കോണം മുണ്ടപ്ലാവിളയിൽ വിജയകുമാറിൻ്റെയും പ്രീജയുയെടും മകനായ അക്ഷയ് പിതാവിൻ്റെ കൃഷി ഭൂമിയിലാണ് കാർഷിക വൃത്തി അടുത്തറിഞ്ഞത്. വാഴയും മരച്ചീനിയും പച്ചക്കറികളും മാത്രമല്ല ചെണ്ടുമല്ലിയും വാടാമുല്ലയും ഉൾപ്പെടെയുള്ള സമ്മിശ്ര കൃഷി ചെയ്യുന്ന അക്ഷയ് പഠനത്തിനുള്ള വരുമാനവും സ്വയം കണ്ടെത്തുന്നു. പച്ചക്കറി വിളകൾക്കു ചുറ്റും വേലി പോലെ വാടാമല്ലിയും ചോളവും നട്ടുവളർത്തുന്നതിനാൽ വിളകൾക്ക് കീടബാധ കുറയുന്നതായാണ് കർഷക വിദ്യാർത്ഥിയുടെ കണ്ടെത്തൽ.സ്കൂൾ സമയം കഴിഞ്ഞ് ‘ പൂർണമായും കാർഷിക വൃത്തിയിൽ ഏർപ്പെടുകയും വിളകൾക്ക് വിപണി കണ്ടെത്തുകയും ചെയ്യുന്നു.ഒന്നേകാൽ ഏക്കറിൽ വാഴകൃഷി മാത്രം നടത്തുന്നതിൽ കുലച്ച നേന്ത്രക്കുലകൾ വിളവെടുപ്പിന് തയ്യാറായിട്ടുണ്ട്. ജൈവ – രാസവളങ്ങൾ കൃഷിയ്ക്ക് ഉപയോഗിക്കുന്നു. കൃഷിഭവൻ മുഖേന ലഭിയ്ക്കുന്ന കീടനാശിനികളും ജൈവ കീടനാശിനികളും ഉപയോഗിക്കുന്നുണ്ട്. കൃഷി ഉപജീവന മാർഗ്ഗമാക്കി മാറ്റി സ്വയംപര്യാപ്തത കൈവരിക്കുകയാണ് ഈ കുട്ടിക്കർഷകൻ.സ്വന്തം മരച്ചീനി വിളയ്ക്ക് ന്യായമായ വില ലഭിയ്ക്കാതെ വന്നപ്പോൾ മൂല്യവർദ്ധിത മരച്ചീനി പപ്പടം ഉണ്ടാക്കി വിപണിയിലെത്തിച്ച് വിജയം കൈവരിച്ച ചരിത്രവുമുണ്ട് അക്ഷയെന്ന കുട്ടിക്കർഷകന് .വിളകൾ അധ്യാപകർക്കും സഹപാഠികൾക്കും പങ്കു വയ്ക്കാറുമുണ്ട്. നാടിനും വീടിനും അഭിമാനമായി മാറുകയാണ് ഉണ്ടൻകോട് സെൻ്റ് ജോൺസ് സ്കൂളിലെ ഈ പ്ലസ് വൺ ബയോളജി വിദ്യാർത്ഥി…