പാരിസ് ഒളിംപിക്സില്‍ അയോഗ്യയാക്കപ്പെട്ട വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ കൈയ്യൊഴിഞ്ഞ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്. ഗുസ്തിയില്‍ അയോഗ്യയാക്കപ്പട്ടതിന്റെ കാരണക്കാരി വിനേഷ് ഫോഗട്ട് തന്നെയാണെന്ന് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ പറഞ്ഞു.. ഭാരം നിയന്ത്രിക്കുന്നതിൽ ശ്രദ്ധ പുലർത്തേണ്ടത് അത്ലറ്റും പരിശീലകനുമാണ്. ഒളിമ്പിക്സ് അസോസിയേഷന്റെ മെഡിക്കൽ സംഘത്തിന്റെ തലയിൽ ഇതിന്റെ ഉത്തരവാദിത്തം കെട്ടിവക്കാൻ നിൽക്കരുതെന്നും പി.ടി ഉഷ പറഞ്ഞു.
ബോക്സിങ്, ഗുസ്തി, ജൂഡോ, ഭാരോദ്വഹനം തുടങ്ങിയ ഇനങ്ങളില്‍ ഐഒഎ മെഡിക്കല്‍ ടീമിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ന്യായീകരണവുമായി ഉഷ രംഗത്തെത്തിയത്. വിനേഷ് ഫോഗട്ടിന്റെ ശരീരഭാരം കൂടിയത് ഐഒഎ മെഡിക്കല്‍ സംഘത്തിന്റെ പിഴവല്ലെന്നാണ് ഉഷയുടെ പരാമര്‍ശം. ഒളിംപിക് അസോസിയേഷന് മെഡിക്കല്‍ ടീമിനെതിരായി നടക്കുന്ന വിദ്വേഷ പ്രചാരണത്തില്‍ അപലപിക്കുന്നുവെന്നും ഉഷ പ്രസ്താവനയിലൂടെ അറിയിച്ചു.IOA മെഡിക്കൽ ടീമിനെ വിലയിരുത്താൻ തിരക്കുകൂട്ടുന്നവർ ഏതെങ്കിലും നിഗമനങ്ങളിൽ എത്തുന്നതിന് മുമ്പ് എല്ലാ വസ്തുതകളും പരിഗണിക്കണമെന്നും പി ടി ഉഷ പറഞ്ഞു.