ധാക്ക: ബംഗ്ലദേശ് ചീഫ് ജസ്റ്റിസ് ഉബൈദുൾ ഹസൻ രാജിവച്ചു. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നാണ് രാജി. നിയമ, നീതിന്യായ, പാർലമെന്ററികാര്യ ഉപദേശകൻ പ്രഫ. ആസിഫ് നസ്റുൾ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബംഗ്ലദേശ് ബാങ്ക് ഗവർണർ അബ്ദുർ റൗഫ് തലൂകറും രാജിവച്ചു. സെൻട്രൽ ബാങ്കിന്റെ ആസ്ഥാനത്ത് പ്രക്ഷോഭകാരികൾ പ്രതിഷേധിച്ചിരുന്നു.
‘‘ ബംഗ്ലദേശ് ചീഫ് ജസ്റ്റിസ് രാജിവച്ചു. അദ്ദേഹത്തിന്റെ രാജിക്കത്ത് നിയമവകുപ്പിലേക്ക് അയച്ചു. അത് ഒട്ടും കാലതാമസം കൂടാതെ തുടർനടപടികൾക്കായി പ്രസിഡന്റിന് അയയ്ക്കും.’’ആസിഫ് നസ്റുൾ സമൂഹമാധ്യമത്തിലെ വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ചീഫ് ജസ്റ്റിസിന്റെ രാജി മാത്രമാണ് ലഭിച്ചത് മറ്റുള്ളവരുടെ രാജി സംബന്ധിച്ച് അറിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 5 ജഡ്ജിമാർ കൂടി രാജിവയ്ക്കുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ. ചീഫ് ജസ്റ്റിസിന്റെയും ഏഴ് ജഡ്ജിമാരുടെയും രാജി ആവശ്യപ്പെട്ട് പ്രക്ഷോഭകാരികൾ ഹൈക്കോടതിക്കു മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഉച്ചയ്ക്കുശേഷം ചീഫ് ജസ്റ്റിസ് രാജിവച്ചതോടെ പ്രക്ഷോഭകാരികൾ പിരിഞ്ഞുപോയി.