ആലപ്പുഴ: തൊഴിലുറപ്പ് തൊഴിലാളികള്‍ക്കെതിരെ കള്ളക്കേസ് നല്‍കിയെന്ന് പരാതി. അനുവാദം ഇല്ലാതെ അതിക്രമിച്ചു കയറി മരം മുറിച്ചു എന്ന് കാണിച്ചു സ്ഥലം ഉടമയാണ് പരാതി നല്‍കിയത്. പരാതിയില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍.
2017 ലാണ് 130 ഓളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്ന് കൈനകരി പഞ്ചായത്ത് അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം 8ാം വാര്‍ഡില്‍ തെക്കെ ഭാഗത്തെ പാടശേഖരത്തിന് ചുറ്റും പുറം ബണ്ട് ബലപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ നടത്തിയത്. എന്നാല്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്ന് സ്വന്തം സ്ഥലത്തെ മരം വെട്ടിമാറ്റിയെന്ന് കാണിച്ച് സ്ഥലം ഉടമ യോഹന്നാന് തരകന് സിവില്‍ കേസ് നല്കി. കേസില്‍ മുന്‍ പഞ്ചായത്ത് മെമ്പര്‍ കെ പി രാജീവാണ് ഒന്നാം പ്രതി. 8 വര്‍ഷത്തിനിപ്പുറം കേസില്‍ വിധി വന്നിരിക്കുന്നത്. 10 ലക്ഷം രൂപ തൊഴിലുറപ്പ് തൊഴിലാളികള്‍ സ്ഥല ഉടമയ്ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നതാണ് വിധി.