ചെന്നൈ: തമിഴ്നാട്ടില്‍ നിന്നുള്ള 22 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടാണ് സമുദ്രാതിർത്തി ലംഘിച്ചതിന് 22 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തത്.
ഇന്ത്യക്കും ശ്രീലങ്കക്കും ഇടയിലുള്ള ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയതെന്നും രണ്ട് യന്ത്രവത്കൃത ബോട്ടുകള്‍ ശ്രീലങ്കൻ നാവികസേന പിടിച്ചെടുത്തതായും തരുവൈക്കുളത്തെ മത്സ്യത്തൊഴിലാളി സംഘടന അറിയിച്ചു. ആർ. ആന്റണി മഹാരാജ, ജെ. ആന്റണി തെൻഡാനില എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് മത്സ്യബന്ധന ബോട്ടുകള്‍. ജൂലൈ 21ന് മത്സ്യബന്ധനത്തിന് പോയ 12 പേരെയും ജൂലൈ 23ന് പോയ 10 പേരെയുമാണ് അറസ്റ്റ് ചെയ്തത്.
തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ.അണ്ണാമലൈയും മത്സ്യത്തൊഴിലാളി പ്രതിനിധികളും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ സന്ദർശിച്ച് ശ്രീലങ്കൻ നാവികസേനയില്‍ നിന്ന് അവർ നേരിടുന്ന തുടർച്ചയായ ആക്രമണങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. പ്രശ്നപരിഹാരത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് യോഗത്തിന് ശേഷം ജയശങ്കർ പറഞ്ഞു.dc