ഒറ്റപ്പാലം: ഒറ്റപ്പാലത്തിനടുത്തുള്ള അനങ്ങൻ മലയിലെ ഖനന പ്രവർത്തനങ്ങളും ഇതു മൂലമുള്ള പരിസ്ഥിതി ആഘാതവും വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് വി.കെ ശ്രീകണ്ഠൻ എം.പിക്ക് ഉറപ്പ് നൽകി. ഞായറാഴ്ച അനങ്ങനടി പഞ്ചയാത്തും, വരോട് പ്രദേശവും വി.കെ ശ്രീകണ്ഠൻ എം.പി സന്ദർശിച്ചിരുന്നു. സന്ദർശനത്തിൽ ബോധ്യപ്പെട്ട കാര്യങ്ങൾ മന്ത്രിയെ കണ്ട് എം.പി നൽകിയ നിവേദനത്തെത്തുടർന്നാണ് അന്വേഷണം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.
റെഡ് സോണായി പ്രഖ്യാപിച്ചിട്ടുള്ള അനങ്ങൻ മലയിൽ 2018-19 കാലഘട്ടത്തിൽ പല ഇടങ്ങളിലായി ഉരുൾപൊട്ടൽ നടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ ഉണ്ടായ മണ്ണൊലിപ്പ് ഈ പ്രദേശങ്ങളിലെ ജനങ്ങളെ ആകെ ഭീതിയിലാഴ്ത്തിയിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി വൻതോതിൽ ഖനനം നടത്തുന്ന ക്വാറിയുടെ പ്രവർത്തനം നിർത്തി വെച്ച് പാരിസ്ഥിതിക പഠനം നടത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നാണ് നിവേദനത്തിലൂടെ വി.കെ ശ്രീകണ്ഠൻ എം.പി പ്രദേശവാസികളുടെ ഉത്കണ്ഠ കണക്കിലെടുത്ത് ആവശ്യപ്പെട്ടത്.