വയനാട്ടില്‍ ഇന്നലെ വരെ സ്ഥിരീകരിച്ചത് 365 മരണം. ഇന്നലെ അവസാനിപ്പിച്ച തിരച്ചില്‍ ഇന്നും തുടരും. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലായിരിക്കും തിരച്ചില്‍. യന്ത്രസാമഗ്രികള്‍ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള തിരച്ചിലാണ് ഇന്നലെ നടന്നത്. ഇന്നലത്തെ തിരച്ചിലില്‍ മലപ്പുറം മുണ്ടേരിയിലെ ചാലിയാറില്‍നിന്ന് മൂന്ന് മൃതദേഹങ്ങളും 13 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. ചാലിയാറിലെ തിരച്ചില്‍ നാളത്തോടെ അവസാനിപ്പിക്കും. ദൗത്യം അവസാനഘട്ടത്തിലാണെന്ന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നു.
◾ വയനാട് ഉരുള്‍പൊട്ടലില്‍ 2.5 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി മൃഗസംരക്ഷണ വകുപ്പ് വിലയിരുത്തി. ജീവന് നഷ്ടപ്പെട്ട വളര്‍ത്തു മൃഗങ്ങളുടെയും ഉരുള്‍പൊട്ടലില്‍ നാശം സംഭവിച്ച തൊഴുത്തുകള്‍, കറവ യന്ത്രങ്ങള്‍, പുല്‍കൃഷി എന്നിവയുടെ അടിസ്ഥാനത്തിലാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 26 പശുക്കളും ഏഴു കിടാരികളും 310 കോഴികളും ചത്തു. ഏഴു കന്നുകാലി ഷെഡുകള്‍ നശിച്ചു. ഒഴുക്കില്‍ പെട്ടും മണ്ണിനടിയില്‍ പെട്ടും 107 കന്നുകാലികളെ കാണാതായിട്ടുണ്ട്. ഇതിനുപുറമെ നിരവധി വളര്‍ത്തുമൃഗങ്ങളെയും കാണാതായിട്ടുണ്ട്.
◾ മുണ്ടക്കൈ – ചൂരല്‍മല ദുരിതബാധിത പ്രദേശങ്ങളില്‍ ഡ്രോണ്‍ സര്‍വേ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉരുള്‍പൊട്ടലില്‍ പ്രദേശങ്ങളില്‍ അടിഞ്ഞുകൂടിയ മണ്‍കൂനകളുടെ ഉയര്‍ച്ച വ്യത്യാസം മനസ്സിലാക്കി പരിശോധന ശക്തമാക്കും.
◾ മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ സേവനം ചെയ്യാന്‍ എത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കി. സന്നദ്ധ പ്രവര്‍ത്തകരുടെ സുരക്ഷ ഉള്‍പ്പെടെ മുന്‍നിര്‍ത്തിയും മറ്റു കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായുമാണ് രജിസ്ട്രേഷന് നിര്‍ബന്ധമാക്കിയത്. സംഘങ്ങളായി വരുന്ന സന്നദ്ധ സേവകര്‍ ടീം ലീഡറുടെ പേരും വിലാസവും രജിസ്റ്റര്‍ ചെയ്താല്‍ മതിയാകുമെന്നും വയനാട് ജില്ലാ ഭരണകൂടം അറിയിച്ചു.
◾ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്ത് ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയില്‍ അതിക്രമിച്ച് കടക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ഇവിടങ്ങളിലെ വീടുകളിലോ പ്രദേശങ്ങളിലോ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരിലോ അല്ലാതയോ പൊലീസിന്റെ അനുവാദമില്ലാതെ രാത്രികാലങ്ങളില്‍ ആരും പ്രവേശിക്കാന്‍ പാടില്ല. അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ ഒരു ഫയര്‍ഫോഴ്സ് ടീമും ചൂരല്‍ മലയില്‍ തുടരും. ബെയ്ലി പാലത്തിന് കരസേനയുടെ കാവലും ഉണ്ടാകും.
◾ ദുരന്ത സ്ഥലത്ത് നിന്ന് രക്ഷാപ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവില്‍ സ്റ്റേഷനിലെ കണ്ട്രോള് റൂമിലോ മറ്റു കണ്ട്രോള് റൂമിലോ ഏല്പിക്കണമെന്ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍. ഇവ സൂക്ഷിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്കി. കണ്ട്രോള് റൂമില്‍ ലഭിച്ച വസ്തുക്കള്‍ പൊലീസിന് കൈമാറി രസീത് കൈപറ്റണം എന്നും അദ്ദേഹം അറിയിച്ചു.
◾ വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളിലെ ARD 44, 46 എന്നീ റേഷന്‍കടകളിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഓഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം പൂര്‍ണ്ണമായും സൗജന്യമായി നല്‍കുന്നതാണെന്ന് മന്ത്രി ജി.ആര്. അനില്‍. ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചുരല്‍മല എന്നിവിടങ്ങളിലെ നീല, വെള്ള കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും കൂടി പൂര്‍ണ്ണമായും സൗജന്യമായി റേഷന്‍ വിഹിതം നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്
◾ വയനാട് ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ആശ്വാസ ധനസഹായം നല്‍കുന്നതിന് നാലു കോടി രൂപ അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയില്‍ നിന്നാണ് ജില്ലാ കളക്ടര്‍ക്ക് നാല് കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്.
◾ ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ വയനാട് ദുരന്തത്തെക്കുറിച്ച് സംസാരിച്ചതായി കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കൂടുതല്‍ സഹായമെത്തിക്കാനാണ് ശ്രമം നടത്തുന്നത്. താന്‍ പോകുന്ന ഇടങ്ങളിലൊക്കെ വയനാടിനെ സഹായിക്കാന്‍ പറയുമെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍ സിഎംഡിആര്‍എഫിനെതിരായ പ്രചാരണത്തെക്കുറിച്ച് അറിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.
◾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാനുള്ള ക്യു ആര് കോഡ് സംവിധാനം പിന്‍വലിച്ചു. തട്ടിപ്പുകള്‍ക്കുള്ള സാധ്യത ഒഴിവാക്കാനാണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പകരം പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള യുപിഐ ഐഡി വഴി പണം അയക്കാം.
◾ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവരുടെ ഡിഎന്‍എ സാമ്പിളെടുക്കുന്നതിന് മാനസികാരോഗ്യ പിന്തുണയ്ക്കുള്ള പ്രോട്ടോകോള്‍ ആരോഗ്യ വകുപ്പ് തയ്യാറാക്കിയതായി മന്ത്രി വീണാ ജോര്‍ജ്. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങള്‍ മാത്രം ലഭിച്ചവയുടെയും സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.
◾ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉള്ളുരുകുന്നവര്‍ക്ക് ആശ്വാസമേകി സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍. ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്കും അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറാത്തവര്‍ക്കും സാമൂഹ്യ -മാനസിക പിന്തുണ നല്‍കുകയാണ് ഇവരുടെ ലക്ഷ്യം. ദുരന്തമേഖലയിലെ 17 ക്യാമ്പുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൗണ്‍സിലിങ്ങ് സെന്ററുകള്‍ സജീവമാണ്.
◾ വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ ബാധിച്ചവരുടെ ഇന്‍ഷുറന്‍സ് ക്ലെയിം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പണം നല്‍കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്കി. എല്‍ഐസി, നാഷണല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യ അഷുറന്‍സ്, ഓറിയെന്റല്‍ ഇന്‍ഷുറസ്, യുണൈറ്റഡ് ഇന്ത്യാ ഇന്‍ഷുറന്‍സ് അടക്കമുള്ള കമ്പനികള്‍ക്കാണ് നിര്‍ദ്ദേശം.
◾ മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പുനരധിവാസ പദ്ധതിയിലേക്ക് ഒരു കോടി രൂപ അനുവദിക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ മാണി എംപി . സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നിശ്ചയിച്ച് നല്കുന്ന വിവിധ പദ്ധതികള്‍ക്കായാണ് തുക ചെലവഴിക്കുന്നത്.
◾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ അപവാദ പ്രചരണം നടത്തിയെന്ന പരാതിയില്‍ കളമശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ്, വിടാക്കുഴ എന്ന ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന വിടാക്കുഴ ഷിജു ജബ്ബാറാണ് അറസ്റ്റിലായത്.
◾ കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഇന്ന് പുനരാരംഭിക്കും. ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഗംഗാവലി നദിയിലെ അടിയൊഴുക്കിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച ദൗത്യമാണ് ഇന്ന് മുതല്‍ വീണ്ടും ആരംഭിക്കുന്നത്.
◾ കാഞ്ഞങ്ങാട് മുത്തപ്പനാര്‍കാവിന് സമീപം രണ്ടുപേരെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മുത്തപ്പനാര്‍കാവിലെ ഗംഗാധരന് (63) മൂവാരികുണ്ടിലെ രാജന് (60) എന്നിവരാണ് മരിച്ചത്.
◾ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്ത പ്രദേശങ്ങളില്‍ അതീവ ജാഗ്രത വേണം. മധ്യകേരളം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെയായി ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നുണ്ട്. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ടെന്നും കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.